സീബ്രാലൈനിൽ വിദ്യാർഥികളെ ഇടിച്ചിട്ട ഡ്രൈവറെ പിന്തുണച്ച് ബസ് സമരം തുടരുന്നു: വാട്സാപ് സമരം; വലഞ്ഞ് ജനം

വടകര ∙ ഇന്നലെ മുതൽ ബസുകൾ ഓടുമെന്ന് തൊഴിലാളികളുടെ സംയുക്ത യൂണിയനും ഉടമകളും പ്രഖ്യാപിച്ചെങ്കിലും കണ്ണൂർ – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് സമരം തുടരുന്നു.സർവീസ് നടത്തുന്നവയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ തീരുമാനിച്ചെങ്കിലും ബസുകൾ നിരത്തിലിറങ്ങിയില്ല. ഇതു കാരണം രണ്ടാം ദിവസവും യാത്രക്കാർ വലഞ്ഞു. ബസ് സർവീസ് പുനരാരംഭിക്കുമെന്ന യൂണിയനുകളുടെയും ഉടമകളുടെയും പ്രഖ്യാപനം കേട്ട് രാവിലെ എത്തിയ യാത്രക്കാർ പെരുവഴിയിലായി.പുതിയ ബസ് സ്റ്റാൻഡിൽ കണ്ണൂർ, കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ട്രാക്കുകളും പരിസരവും ഉച്ചയോടെ കാലിയായി.

കെഎസ്ആർടിസി കൂടുതൽ സർവീസ് നടത്തിയെങ്കിലും സർക്കാർ അവധി ദിവസമായതിനാൽ യാത്രക്കാർ കുറവായിരുന്നു. അതേ സമയം, വടകരയിൽ നിന്ന് കൊയിലാണ്ടി, തലശ്ശേരി ഭാഗത്തേക്കുള്ള ബസുകൾ ദേശീയ പാത വഴി സർവീസ് നടത്തി. അതിലും യാത്രക്കാരുടെ തിരക്കുണ്ടായില്ല.ഇന്നും സമരം തുടരാനാണു നീക്കം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതു കൊണ്ട് കുട്ടികൾക്കു ബുദ്ധിമുട്ടായില്ലെങ്കിലും തുടർച്ചയായ മൂന്നാം ദിവസവും പണി മുടക്കുന്നതു മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടാകും. യൂണിയനുകളുടെ തീരുമാനം അംഗീകരിക്കാതെ സമരം നടത്തുന്നവരെ വിളിച്ച് ചർച്ച നടത്താൻ ആരും തയാറായിട്ടുമില്ല. സമരം ഒത്തുതീർപ്പാക്കാൻ ഉടൻ ശ്രമിക്കണമെന്ന് പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടതായി കെ.കെ.രമ എംഎൽഎ അറിയിച്ചു.ദേശീയപാതയിലെ കുണ്ടും കുഴിയും നന്നാക്കുക, മടപ്പള്ളി കോളജ് സീബ്രാലൈനിൽ വിദ്യാർഥികളെ തട്ടിയ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒര‌ു വിഭാഗം തൊഴിലാളികൾ വാട്സാപ് വഴി നടത്തിയ പ്രചാരണത്തെ തുടർന്നാണു തിങ്കളാഴ്ച രാവിലെ പണിമുടക്ക് തുടങ്ങിയത്.

വടകര∙ സമരവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് ചർച്ച നടത്താമെന്ന് വടകര പൊലീസ് അറിയിച്ചിരുന്നുവെങ്കിലും ചില സങ്കേതിക കാരണങ്ങളാൽ ചർച്ച ഇന്നത്തേക്കു മാറ്റിയതായി പണിമുടക്കിയ തൊഴിലാളികൾ പറഞ്ഞു. ഇന്നു രാവിലെ നടത്തുന്ന ചർച്ചയിൽ കോഴിക്കോട് മുതൽ കണ്ണൂർ വരെയുള്ള ബസ് തൊഴിലാളികളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അവർ അറിയിച്ചു.

error: Content is protected !!