കുഞ്ഞിനെ മൈതാനത്ത് ഇരുത്തി സ്ത്രീ ഓടിപ്പോയി: കുരുന്നിനെ ആദ്യം കണ്ട ധനഞ്ജയ

കൊല്ലം∙ അബിഗേൽ സാറയെ ആശ്രാമം മൈതാനത്ത് ആദ്യം കണ്ടത് നാട്ടുകാർ. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മറ്റും കണ്ട ചിത്രങ്ങളിലൂടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ മൈതാനത്ത് ഇരുത്തിയ ശേഷം കൂടെയുണ്ടായിരുന്ന സ്ത്രീ ഓടിപ്പോകുന്നത് കണ്ടു എന്ന് കുട്ടിയെ ആദ്യം കണ്ട ധനഞ്ജയ എന്ന പെൺകുട്ടി പറഞ്ഞു. കുട്ടിയും സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നതെന്നും പുരുഷന്മാരാരും കൂടെയില്ലായിരുന്നെന്നും കൊല്ലം എസ്എൻ കോളജ് വിദ്യാർഥിയായ ധനഞ്ജയ പറഞ്ഞു.

‘‘കോളജിൽനിന്ന് പരീക്ഷ കഴിഞ്ഞ് മൈതാനത്തിറങ്ങി നടന്നുവരികയായിരുന്നു. അവിടെ മരത്തിനു ചുവട്ടിൽ ഇരുന്നപ്പോൾ ഒരു സ്ത്രീ കുഞ്ഞിന് അവിടെ വച്ച് എഴുന്നേറ്റ് പോകുന്നത് കണ്ടു. കുറേ നേരം കഴിഞ്ഞിട്ടും സ്ത്രീ തിരിച്ചുവരാതെ ഇരുന്നപ്പോൾ കുഞ്ഞിനെ ഉപേക്ഷിച്ചു പോയതാണെന്ന് കരുതി. സ്ത്രീയെ കാണാഞ്ഞിട്ട് ഇന്നലെ കിട്ടിയ ഫോട്ടോ എടുത്ത് നോക്കി. അതു കണ്ടപ്പോഴാണ് കാണാതായ കുഞ്ഞിനെ പോലെ ഇരിക്കുന്നു. അവരെ എവിടെ പോയെന്ന് ചോദിച്ചപ്പോൾ പപ്പയെ വിളിക്കാൻ പോയതാണെന്ന് കുഞ്ഞ് പറഞ്ഞു. തുടർന്ന് അവിടെയുണ്ടായിരുന്ന ആൾ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഏതാണ്ട് 30–35 വയസ്സ് തോന്നിക്കുന്ന സ്ത്രീയായിരുന്നു. മഞ്ഞയും പച്ചയും കലർന്ന ചുരിദാറാണ് ധരിച്ചത്. ’’– ധനഞ്ജയ പറഞ്ഞു.
അബിഗേൽ സാറയെ ആശ്രാമം പരിസരത്ത് ഉപേക്ഷിക്കുന്നതിനു മുൻപായി കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി എന്ന് കരുതപ്പെടുന്ന കാർ സമീപത്തെ ഇൻകംടാക്സ് ക്വാർട്ടേഴ്സിൽ വന്നിരുന്നുവെന്ന് മറ്റൊരു യുവതി പറഞ്ഞു. ‘‘ഇൻകംടാക്സ് ക്വാർട്ടേഴ്സിന് അകത്തുകയറണമെന്ന് കാറിലെത്തിയവർ ആവശ്യപ്പെട്ടു. സെക്യൂരിറ്റി കടത്തിവിട്ടില്ല. ആരാണെന്ന് ചോദിച്ചപ്പോൾ അവർ മറുപടിയൊന്നും പറഞ്ഞില്ല. സെക്യൂരിറ്റിക്ക് വാഹനത്തിന്റെ ആദ്യത്തെ രണ്ടു മൂന്നു നമ്പറുകൾ മാത്രമാണ് ഓർമയുള്ളത്. KL 31 എന്നു തുടങ്ങുന്ന കാറായിരുന്നു. രണ്ടു പുരുഷന്മാരായിരുന്നു കാറിലുണ്ടായിരുന്നത്. കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചു പോകുന്നതിന് കുറച്ച് മുൻപായിരുന്നു സംഭവം.

തുടർന്ന് കുട്ടിയെ മൈതാനത്ത് കണ്ടെത്തിയെന്ന് ഡിവൈഎഫ്ഐയുടെ ഒരു പ്രവർത്തകൻ വന്നു പറഞ്ഞു. ഫോണിലൂടെ കുട്ടിയെ കണ്ട പരിചയത്തിലാണ് ഇത് വന്നു പറഞ്ഞത്. ഞാൻ എത്തിയപ്പോഴേക്കും അവിടെ ആളുകൾ കൂടിയിരുന്നു. കുട്ടിയെ അവിടെ ഇരുത്തിയിട്ട് ഒരു സ്ത്രീ നടന്നു പോകുന്നത് കണ്ടു എന്നാണ് ദൃക്സാക്ഷിയായ പെൺകുട്ടി പറഞ്ഞത്’’– യുവതി വ്യക്തമാക്കി.

error: Content is protected !!