നിരപരാധിത്വം തെളിയിക്കാൻ അനുവദിക്കണം’; കാരാട്ട് റസാഖ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളി മണ്ഡലത്തിൽ നിന്നുള്ള കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹർജിയിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി. തിരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി പുറപ്പടുവിച്ച വിധിയിലെ പരാമർശങ്ങൾ തന്റെ സൽപ്പേര് നഷ്ടപെടുത്തിയെന്നും നിരപരാധിത്വം തെളിയിക്കാൻ അനുവദിക്കണമെന്നും കാരാട്ട് റസാഖ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി കേസിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ചത്.

എതിർസ്ഥാർഥി എം.എ റസാഖിനെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന വിഡിയോ നിർമിച്ച് പ്രചരണം നടത്തിയെന്നാണ് കാരാട്ട് റസാഖിനെതിരെ ഹൈക്കോടതി കണ്ടെത്തിയ കുറ്റം. ജനപ്രാതിനിധ്യ നിയമത്തിലെ 123(2), 123(4) വകുപ്പുകൾ പ്രകാരം തിരഞ്ഞെടുപ്പ് ക്രമക്കേട് വ്യക്തമാണെന്നും ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയുടെ ഈ കണ്ടെത്തലുകൾ കാരണം റസാഖിന്റെ സൽപ്പേര് നഷ്ടമായെന്നാണ്‌ അദ്ദേഹത്തിന്റെ അഭിഭാഷകർ ഇന്ന് സുപ്രീം കോടതിയിൽ വാദിച്ചത്.

ഹൈക്കോടതിയുടെ കണ്ടെത്തലുകൾ തെറ്റാണെന്ന് തെളിയിക്കാൻ തെളിവുകൾ ഉണ്ടെന്നും കാരാട്ട് റസാഖിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഹൈക്കോടതി വിധിച്ച അയോഗ്യതയെ ചോദ്യം ചെയ്യുന്നതായും അഭിഭാഷകർ വ്യക്തമാക്കി. തുടർന്നാണ് കേസിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. കാരാട്ട് റസാഖിന് വേണ്ടി സീനിയർ അഭിഭാഷകൻ റോമി ചാക്കോ, അഭിഭാഷകൻ ദീപക് പ്രകാശ് എന്നിവർ ഹാജരായി. എം.എ. റസാഖിനു വേണ്ടി അഭിഭാഷകൻ എം.എം.എസ്. അനാം ആണ് ഹാജർ ആയത്.

error: Content is protected !!