കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ഈ വർഷത്തെ നെല്ല് സംഭരണത്തിന് തുടക്കമായി

Local News

കാർഷികരംഗത്ത് കർഷകർക്ക് പിന്തുണ നൽകി അവരെ കൃഷിയിൽ തന്നെ തുടരാൻ പ്രേരണ നൽകുന്നത്തിന്റെ ഭാഗമായി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് നെല്ല് സംഭരണം ആരംഭിച്ചു. ബാങ്കിന്റെയും മുൻ പഞ്ചായത്ത് ഭരണസമിതിയുടെയും സജീവമായ ഇടപെടലിൻറെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്തിൽ മുഴുവൻ വയലുകളും നെൽകൃഷിയിൽ സമൃദ്ധമായിരുന്നു. പരമ്പരാഗത കർഷകർക്ക് പുറമേ ബാങ്കിന് കീഴിലെ ഫാർമേഴ്സ് ക്ലബുകളും ഉദ്യോഗസ്ഥരും പ്രവാസികളും വിദ്യാർഥികളും വരെ നെൽകൃഷിയിൽ സജീവമായ കാഴ്ചയാണ് പഞ്ചായത്തിലുള്ളത്. ഇവരെല്ലാം ചേർന്ന് ഉൽപാദിപ്പിക്കുന്ന നെല്ലിന് വിപണി ലഭിക്കാത്തത് ഇവരെ കൃഷിയിൽ നിന്നും പിന്തിരിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞാണ് അഞ്ചുവർഷം മുമ്പ് തന്നെ ബാങ്ക് നേരിട്ട് മുഴുവൻ നെല്ലും സംഭരിച്ചു തുടങ്ങിയത്. നെല്ലിന് കർഷകർക്ക് റൊക്കം പണം നൽകി നെല്ല് വാങ്ങുന്നത് ഇവർക്ക് ഏറെ ആശ്വാസമാണ്. ബാങ്കിന്റെ ഈ വർഷത്തെ സംഭരണം ചെറുവാടിയിൽ ആരംഭിച്ചു. സംഭരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് വസീഫ് നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് സന്തോഷ്, ഡയറക്ടർമാരായ മമ്മദ് കുട്ടി , എ സി നിസാർ ബാബു, ജലാൽ, ഷാജു, ഉണ്ണിക്കോയ, സെക്രട്ടറി കെ ബാബുരാജ്, സി ഹരീഷ് തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!