
newsdesk
തിരുവനന്തപുരം:സംസ്ഥാന സർക്കാർ കിലോയ്ക്ക് 10.90 രൂപയ്ക്ക് നൽകുന്ന അരി ‘ഭാരത് അരി’ എന്ന പേരിൽ കേന്ദ്ര സർക്കാർ വിൽക്കുന്നത് കിലോയ്ക്ക് 29 രൂപ നിരക്കിൽ. നാഷണൽ കോ–- ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്), നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റ് എന്നിവയെയാണ് വിതരണത്തിന് ചുമതലപ്പെടുത്തിയത്. എഫ്സിഐ ഗോഡൗണിൽനിന്ന് അരി എടുത്ത് മില്ലിൽ കൊണ്ടുപോയി അഞ്ച് കിലോ, 10 കിലോ പാക്കറ്റിലാക്കി നൽകുമെന്നാണ് പ്രഖ്യാപനം.
നീല, വെള്ള കാർഡുകാർക്ക് കേന്ദ്രം റേഷൻ അരി നൽകുന്നില്ല. ഈ വിഭാഗത്തിനാണ് അധിക വിലയ്ക്ക് എഫ്സിഐ ഗോഡൗണിൽനിന്ന് അരി എടുത്ത് സംസ്ഥാനം വില കുറച്ച് നൽകിവന്നത്. നവംബർമുതൽ ഇപ്രകാരം അരി എടുക്കാനും കേന്ദ്രം വിലക്കേർപ്പെടുത്തി. 78 ലക്ഷം കാർഡ് ഉടമകൾ ഉണ്ടായപ്പോഴാണ് കേന്ദ്രം വർഷം 14.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം നിശ്ചയിച്ചത്. നിലവിൽ 94 ലക്ഷം കാർഡ് ഉടമകൾ കേരളത്തിലുണ്ട്. മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരെ മാറ്റിനിർത്തിയാൽ 52.76 ലക്ഷം കുടുംബങ്ങൾക്കും കേന്ദ്രമാനദണ്ഡപ്രകാരം റേഷന് അർഹതയില്ല. റേഷൻ അരി വിതരണം പരിമിതപ്പെടുത്തുകയായിരുന്നു ബിജെപി സർക്കാർ.
രണ്ടരലക്ഷം മെട്രിക് ടൺ അരിയാണ് ഇത്തരത്തിൽ കുറച്ചത്. ഇത് പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാനസർക്കാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും അരി നൽകാൻ തയ്യാറായില്ല. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് ഉറപ്പിക്കാൻ ഭാരത് അരി അവതരിപ്പിക്കുകയാണ് സർക്കാർ ചെയ്തത്.
ഭാരത് അരി വാങ്ങാൻ റേഷൻ കാർഡിന്റെ ആവശ്യമില്ല. എന്നാൽ, യഥാർഥ ആളുകൾക്ക് അരി ലഭിക്കണമെന്ന് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ റേഷൻ കടകൾ വഴി ഭാരത് അരിയും വിതരണം നടത്തണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണിനെല്ലൂർ, ജനറൽ സെക്രട്ടറി ടി മുഹമ്മദാലി എന്നിവർ ആവശ്യപ്പെട്ടു.
നീക്കം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് : ഭക്ഷ്യമന്ത്രി
കേന്ദ്ര സർക്കാരിന്റെ ഏജൻസികൾ മുഖേന ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതും ഫെഡറൽ തത്വങ്ങൾക്ക് നേരെയുള്ള കടന്നാക്രമണവുമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. കേരളത്തിലെ 57 ശതമാനം വരുന്ന ജനങ്ങളെ റേഷൻ സംവിധാനത്തിന് പുറത്താക്കുകയും ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തത് കേന്ദ്രസർക്കാരാണ്. ഭക്ഷ്യഭദ്രത ഉറപ്പുവരുത്താനാണ് ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയത്. ഈ നിയമപ്രകാരം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന റേഷൻ കടകളിലൂടെയാണ് ഭക്ഷ്യധാന്യവിതരണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.