പ്രീസീസൺ കളറാക്കി ബ്ലാസ്റ്റേഴ്സ്; യുഎഇ ക്ലബിനെതിരെ തകർപ്പൻ ജയം

Web Desk

യുഎഇയിൽ നടക്കുന്ന പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം. ഇന്നലെ നടന്ന മത്സരത്തിൽ യുഎഇ ഫസ്റ്റ് ഡിവിഷൻ ക്ലബ് അൽ ജസീറ അൽ ഹംറ ക്ലബിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. അഞ്ച് വ്യത്യസ്ത താരങ്ങൾ ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചു. ഫിഫ വിലക്കിൻ്റെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ചിരുന്ന ബ്ലാസ്റ്റേഴ്സിൻ്റെ മൂന്ന് പ്രീസീസൺ മത്സരങ്ങളും റദ്ദാക്കിയിരുന്നു. എന്നാൽ, വിലക്ക് നീങ്ങിയതിനാൽ ബ്ലാസ്റ്റേഴ്സ് വീണ്ടും പ്രീസീസൺ പോരിലേക്ക് കടക്കുകയായിരുന്നു. രാഹുൽ കെപി, സൗരവ് മൊണ്ഡാൽ, സഹൽ അബ്ദുൽ സമദ്, ദിമിത്രോസ്, ജെസൽ കാർനീറോ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ സ്കോറർമാർ. ആദ്യം രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിനെതിരെ അൽ ജസീറ ഒരു ഗോൾ തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് 2-1 എന്ന സ്കോറിനു മുന്നിലായിരുന്നു. ബ്ലാസ്റ്റേഴ്സിൻ്റെ പ്രീസീസൺ പര്യടനം ഒരാഴ്ച കൂടി നീട്ടുമെന്ന് സൂചനയുണ്ട്. പ്രീസീസൺ പര്യടനം പൂർത്തിയാക്കി ഈ മാസം അവസാനം ടീം തിരികെ കൊച്ചിയിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, പ്രീസീസൺ മത്സരങ്ങൾ കളിക്കാനായി ക്ലബ് ഒരാഴ്ച കൂടി യുഎഇയിൽ തന്നെ തുടർന്നേക്കും. ഈ മാസം 26നാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയിരുന്ന (എഐഎഫ്എഫ്) വിലക്ക് ഫിഫ പിൻവലിച്ചത്. ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് 2022 ഇന്ത്യയിൽ തന്നെ നടക്കും. ഫുട്‌ബോൾ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി പിരിച്ചു വിട്ടുവെന്ന് സ്ഥിരീകരണം ലഭിച്ചതിനെ തുടർന്നാണ് വിലക്ക് പിൻവലിക്കുന്നതെന്ന് ഫിഫ അറിയിച്ചു.

error: Content is protected !!