
newsdesk
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഞെട്ടൽ മാറും മുൻപേ, സമാനമായ മറ്റൊരു വൻ ദുരന്തത്തിന്റെ നിഴലിൽ ഭീതിയോടെ അന്തിയുറങ്ങി മലപ്പുറം-കോഴിക്കോട് അതിർത്തി ഗ്രാമത്തിലെ കുടുംബങ്ങൾ. ചാലിയാർ പഞ്ചായത്തിലെ കക്കാടംപൊയിൽ, വെണ്ടേക്കുംപൊയിൽ മേലെ മങ്ങാട് പ്രദേശത്താണ് സ്വകാര്യ കരിങ്കൽ ക്വാറിക്കു വേണ്ടി കുന്നിൻ മുകളിൽ കൂട്ടിയിട്ടിരിക്കുന്ന വൻ മൺകൂന താഴെയുള്ള ജനവാസ മേഖലയ്ക്ക് മുകളിലേക്ക് ഏതുനിമിഷവും പതിക്കാവുന്ന അവസ്ഥയിലുള്ളത്. കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴ മണ്ണിടിച്ചിൽ സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.
ചെറിയ കുട്ടികളും 60 വയസ്സിന് മുകളിൽ പ്രായമുള്ള അമ്മമാരും നിത്യരോഗികളും അടങ്ങുന്ന മൂന്നോളം കുടുംബങ്ങളാണ് നിലവിൽ അതീവ അപകടാവസ്ഥയിലുള്ളത്. കുന്നിൻ മുകളിൽ നിന്ന് മണ്ണ് നേരിയ തോതിൽ താഴേക്ക് ഒലിച്ചിറങ്ങാൻ തുടങ്ങിയതോടെ ജീവൻ കയ്യിലെടുത്താണ് ഇവർ ഇവിടെ കഴിയുന്നത്.
കനത്ത മഴ പെയ്യുന്ന രാത്രികളിൽ ഒന്നുറങ്ങാൻ പോലും സാധിക്കാതെ, എപ്പോൾ വേണമെങ്കിലും മണ്ണ് തങ്ങളെ മൂടിയേക്കാം എന്ന ഭീതിയിലാണ് ഈ കുടുംബങ്ങൾ.ഈ മൺകൂന രണ്ട് വശങ്ങളിലേക്കായി ഇടിഞ്ഞു വീണാൽ താഴെയുള്ള കൂടുതൽ കുടുംബങ്ങളെയും അത് ബാധിക്കുമെന്നതാണ് പ്രദേശത്തെ അവസ്ഥ കൂടുതൽ ഭീകരമാക്കുന്നത്.
അപകട ഭീഷണിയെക്കുറിച്ച് നാട്ടുകാർ നിരന്തരം പരാതികൾ നൽകിയിട്ടും ക്വാറി അധികൃതരുടെ ഭാഗത്തുനിന്നോ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നോ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
വയനാട്ടിലെ ദുരന്തം നമ്മൾ കണ്ടതാണ്. അതേ അവസ്ഥയാണ് ഞങ്ങൾക്ക് ഇവിടെ. രാത്രി മഴ പെയ്യുമ്പോൾ പേടിച്ചിട്ട് കണ്ണടയ്ക്കാൻ പറ്റാറില്ല. കൂടെ ചെറിയ കുട്ടികളും പ്രായമായവരുമുണ്ട്. എങ്ങോട്ടെങ്കിലും മാറിത്താമസിക്കാൻ ഞങ്ങൾക്ക് വേറെ സ്ഥലമില്ല. അധികാരികൾ ഇതിനൊരു പരിഹാരം കണ്ടിട്ടുവേണം ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാൻ.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ദുരന്തം സംഭവിച്ചതിന് ശേഷം കണ്ണീരൊഴുക്കുന്നതിനേക്കാൾ ഭീഷണി ഉയർത്തുന്ന മൺകൂന അടിയന്തരമായി നീക്കം ചെയ്യാനും ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാനുമാണ് അധികൃതർ തയ്യാറാകേണ്ടത്. ഒരു ജനതയെ മുഴുവൻ മരണമുനമ്പിൽ നിർത്തിക്കൊണ്ടുള്ള ക്വാറി മാഫിയയുടെ ഈ കളിക്ക് അറുതി വരുത്താൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.