കാടാമ്പുഴ ഇരട്ടക്കൊലക്കേസില്‍ ബുധനാഴ്ച ശിക്ഷവിധിക്കാനിരിക്കെ പ്രതിയുടെ ആത്മഹത്യാശ്രമം

Web Desk

കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച്ച മഞ്ചേരി അതിവേഗ കോടതി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ബുധനാഴ്ച ശിക്ഷാ വിധിക്കാനിരിക്കെയാണ് പാലക്കാട് ജയിലില്‍ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ച മുഹമ്മദ് ഷരീഫ് ഇപ്പോള്‍ ആശുപത്രിയിലാണ്. ഇയാളുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും ചെറിയ മുറിവ് മാത്രമേയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ഇയാളെ മഞ്ചേരി കോടതിയില്‍ എത്തിക്കും. ബുധനാഴ്ച 11 മണിക്ക് ശിക്ഷവിധിക്കുമെന്നായിരുന്നു കോടതി ചൊവ്വാഴ്ച്ച അറിയിച്ചത്.

കാടാമ്പുഴ തുവ്വപ്പാറയില്‍ പൂര്‍ണ ഗര്‍ഭിണിയെയും ഏഴുവയസ്സുകാരനായ മകനെയും മാനഹാനി ഭയന്ന് കൊലപ്പെടുത്തിയെന്ന കേസില്‍ ഷരീഫ് കുറ്റക്കാരനാണെന്ന് കോടതി ചൊവ്വാഴ്ച്ച വിധിച്ചിരുന്നു.
കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കല്‍ ഉമ്മുസല്‍മ, മകന്‍ മുഹമ്മദ് ദില്‍ഷാദ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫിനെയാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടോമി വര്‍ഗീസ് കുറ്റക്കാരനെന്നു കണ്ടെത്തിയത്.

error: Content is protected !!