ഈ വെളിച്ചെണ്ണ നിങ്ങളെ രോഗിയാക്കും! വ്യാജന്മാരെ തിരിച്ചറിയാൻ ഈ വഴികൾ മാത്രം മതി

വെളിച്ചെണ്ണയ്ക്ക് എന്നും ആവശ്യക്കാരേറെയാണ്. വിഭവങ്ങളെല്ലാം ഒരുക്കണമെങ്കിൽ വെളിച്ചെണ്ണ ഇല്ലാതെ പറ്റില്ല. ഇപ്പോൾ തന്നെ കടകളിലെ തിരക്കും ഓണപ്പാച്ചിലും കാരണം വാങ്ങിയ എണ്ണ നല്ലതാണോ അതോ മോശമാണോ എന്ന് നോക്കാന്‍ പോലും പലർക്കും സമയമില്ല. തിരക്കിൽ നിന്നൊഴിവാകാനും പെട്ടെന്ന് സാധനം വാങ്ങി വീട്ടില്‍ പോകാന്‍ നോക്കുന്നവരും സൂക്ഷിക്കണം. കാരണം വിപണിയിൽ ആവശ്യക്കാർ വർധിച്ചതോടെ വ്യാജനും മായം ചേര്‍ത്തതുമായ എണ്ണകൾ സജീവമായിട്ടുണ്ട്. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് വ്യാജൻ ഇറങ്ങുന്നത്.

വെളിച്ചെണ്ണ നല്ലതല്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. പ്രധാനമായും ഉദരസംബന്ധവും ഹൃദയസംബന്ധവുമായ രോഗാവസ്ഥകളാണ് ഉണ്ടാകുന്നത്. നല്ല ആരോഗ്യത്തിലുള്ള ഒരാളെ വളരെ വേഗം രോഗിയാക്കി മാറ്റാൻ മായം ചേർത്ത വെളിച്ചെണ്ണയ്ക്ക് കഴിയും. അതിനാൽ വാങ്ങിയ വെളിച്ചെണ്ണ വ്യജനാണോ അല്ലയോ എന്ന് പരിശോധിച്ചതിനു ശേഷം മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമം. ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഓഫ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഇത് പരിശോധിക്കാൻ ചില മാർഗങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാൽ കൃത്യമായ ഫലം ലഭിക്കാന്‍ വിദഗ്ധ പരിശോധന ആവശ്യമാണ്.

ദേഹത്ത് തേച്ച് നോക്കാം

വെളിച്ചെണ്ണ ശുദ്ധമാണോ എന്നറിയാൻ ദേഹത്ത് പുരട്ടി നോക്കിയാൽ അറിയാൻ സാധിക്കും. ശുദ്ധമാണെങ്കിൽ പുരട്ടുമ്പോള്‍‌ തന്നെ മൃദ്യുവായി അനുഭവപ്പെടും. മായം ചേർന്നതാണെങ്കിൽ ദേഹത്ത് ഒട്ടിപ്പിടിക്കുന്നതായും കുഴഞ്ഞ പരുവത്തിൽ കാണപ്പെടുകയും ചെയ്യും.

വെള്ളം ചേർക്കുക

വെളിച്ചെണ്ണ വ്യാജമാണോ എന്നറിയാന്‍ വെള്ളം ചേർത്താൽ മതി. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ മാത്രമാണ് ഇതിന് ആവശ്യം. ശുദ്ധമായ വെളിച്ചെണ്ണ വെള്ളത്തിൽ ഒരിക്കലും ലയിക്കില്ല. വെള്ളത്തിന് മുകളിൽ പാളിയായി തന്നെ നിലനിൽക്കും. എണ്ണയിൽ മായം ചേർന്നിട്ടുണ്ടെങ്കിൽ വളരെ വേഗം വെള്ളത്തിൽ ലയിച്ചു ചേരും.

ചൂടാക്കാം

ശുദ്ധമായ വെളിച്ചെണ്ണയ്ക്ക് നല്ല മണമുണ്ടാകും. ചെറിയ രീതിയിൽ ചൂടാക്കുമ്പോൾ തന്നെ ഈ മണം വ്യാപിക്കും. മറിച്ച് മായം ചേർന്നതാണെങ്കിൽ ചൂടാക്കുമ്പോൾ ഈ മണം വരില്ല. പകരം അതിൽ ചേർത്തിരിക്കുന്ന കെമിക്കൽസിന്റെ മണമാണ് പുറത്തേക്ക് വരിക.

ഫ്രിജിൽ വയ്ക്കുക

വെളിച്ചെണ്ണ പരിശോധിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗമാണ് ഫ്രിജിൽ വയ്ക്കുന്നത്. ഒരു ചെറിയ പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത് അടച്ച് ഫ്രിജിൽ വച്ചാൽ ശുദ്ധമായതാണെങ്കിൽ അത് പെട്ടെന്ന് വെള്ള നിറത്തിൽ കട്ടപിടിക്കും. മായം ചേർന്നിട്ടുണ്ടെങ്കിൽ എണ്ണയ്ക്ക് മുകളിൽ മറ്റൊരു പാളിയായി ഇവ കാണപ്പെടും.

യെലോ ബട്ടർ

യെലോ ബട്ടർ ചേർത്തു നോക്കിയാലും വെളിച്ചെണ്ണയുടെ ഗുണനിലവാരം അറിയാൻ സാധിക്കും. ചെറിയ പാത്രത്തിൽ അൽപം വെളിച്ചെണ്ണ എടുത്ത് അതിലേക്ക് ഒരു സ്പൂണ്‍ യെലോ ബട്ടര്‍ ചേർത്താൽ മതി. നിറം മാറാതെയും രണ്ട് പാളിയാകാതെയും ബട്ടറുമായി ചേർന്നാൽ വെളിച്ചെണ്ണ ശുദ്ധമാണെന്ന് ഉറപ്പിക്കാം.

വാങ്ങുമ്പോൾ നോക്കി വാങ്ങാം

മനുഷ്യന്റെ ആരോഗ്യത്തെ നന്നാക്കാനും വേഗം മോശമാക്കാനും കഴിയുന്ന ചേരുവയാണ് വെളിച്ചെണ്ണ. അതിനാൽ തന്നെ വാങ്ങുമ്പോൾ വളരെ സൂക്ഷ്മതയോടെ തന്നെ നോക്കി വാങ്ങണം. വെളിച്ചെണ്ണ പായ്ക്കറ്റിന് പുറകിലായി ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഓഫ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുദ്രയോ സാക്ഷ്യപ്പെടുത്തലോ ഉണ്ടോ എന്നുള്ളത് പരിശോധിച്ച് ഉറപ്പ് വരുത്തണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!