
Web Desk
ജില്ലയിലെ പല മേഖലയിലും തിങ്കളാഴ്ച മുതല്‍ തുടങ്ങിയ തോരാ മഴ കനത്ത നാശം വിതച്ചു. ഗ്രാമ നഗര വ്യത്യാസമില്ലാതെ മഴ തുടരുകയാണ്. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും വെള്ളത്തിലായി. പലയിടങ്ങളിലും മുട്ടോളം വെള്ളം കയറി. മാവൂര്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം സ്തംഭിച്ചു. ചിന്താവളപ്പില്‍ മതിലിടിഞ്ഞു. ബീച്ച് റോഡും മൂന്നാലിങ്കല്‍ ഭാഗത്തും വലിയ വെള്ളക്കെട്ടാണുള്ളത്. മുണ്ടിക്കല്‍ താഴവും തടമ്പാട്ട് താഴത്തുമെല്ലാം വെള്ളത്തിനടിയിലായി. മാവൂര്‍ ചാത്തമംഗലം ഭാഗത്താണ് വ്യാപകമായ മണ്ണിടിച്ചല്‍ ഉണ്ടായിട്ടുള്ളത്.
ചാത്തമംഗലം സൗത്ത് അരയങ്കോട്ട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങളും തകര്‍ന്നു. പനങ്ങോട് വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് വീണു. മാവൂര്‍ മേച്ചേരി കുന്നില്‍ വീടിന് സമീപത്തേക്ക് 20 മീറ്റര്‍ വീതിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. കനത്ത മഴ ജനങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീതിയടക്കമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കൂടരഞ്ഞി കൂമ്പാറ ആനക്കല്ലും പാറയില്‍ ചെറിയ തോതില്‍ മല വെള്ളപ്പാച്ചില്‍ ഉണ്ടായി. കൂമ്പാറ പുഴയിലൂടെ മലയോരത്ത് നിന്ന് കല്ലും മണ്ണും ഒലിച്ച് വന്നത് ആളുകളെ ഭീതിയിലാക്കി. നിരവധി ക്വാറികളുള്ള പ്രദേശമാണിത്. മൂന്ന് വര്‍ഷം മുമ്പ് ഉരുള്‍ പൊട്ടലും ഉണ്ടായത് ഇതിന് അടുത്താണ്. ക്വാറികള്‍ ഏറെയുള്ളത് കൊണ്ട് തന്നെ വലിയ ആശങ്കയിലാണ് ജനങ്ങള്‍.
കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും കനത്ത മഴയുണ്ടായിരുന്നുവെങ്കിലും ഇപ്പോല്‍ ശക്തി കുറഞ്ഞിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയിലെ ഏഴ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനം ആയിട്ടുണ്ട്. വീയൂരുള്ള കുടംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കുക. വളയം, കാവിലുംപാറ, കൂരാച്ചുണ്ട് മേഖലയിലും ശക്തമായ മഴയുണ്ടെങ്കിലും കാര്യമായ നാശ നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. മഴ തുടരുന്നത് ഉരുള്‍പൊട്ടല്‍ സാധ്യതയടക്കമുണ്ടാക്കുന്നതിനാല്‍ ഏറെ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടവും അധികൃതരുമുള്ളത്.