പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടക്കില്ല; ഓഫ്‌ലൈന്‍ വേണം: കേരളം സുപ്രീംകോടതിയില്‍

Web Desk

പ്ലസ് വണ്‍ പരീക്ഷ ഓണ്‍ലൈനായി നടത്താനാകില്ലെന്ന് കേരളം സുപ്രീംകോടതിയില്‍. ഓഫ് ലൈനായി പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയല്‍ സത്യവാങ്മൂലം നല്‍കി. കംപ്യൂട്ടറും ഇന്റര്‍നെറ്റും പല വിദ്യാര്‍ഥികള്‍ക്കും ഇല്ലാത്തത് പ്രതിസന്ധിയാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ലെന്നും കേരളം കോടതിയെ അറിയിച്ചു. ഒക്‌ടോബറില്‍ മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അതിനു മുൻപ് പരീക്ഷ നടത്താനാകുമെന്നു പ്രതീക്ഷയെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്.
ജൂലൈയില്‍ സാങ്കേതിക സര്‍വകലാശാലയിലെ ബിടെക് പരീക്ഷ ഓഫ് ലൈനായി നടത്തിയിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഓഗസ്റ്റ് അവസാനവും സെപ്റ്റംബര്‍ ആദ്യവുമായി ഓഫ്‌ലൈനായി നടത്തിയ ജെഇഇ മെയിന്‍ പരീക്ഷ ഏഴ് ലക്ഷത്തോളം പേരാണ് എഴുതിയത്. ഇതേ രീതിയില്‍ പ്ലസ് വണ്‍ പരീക്ഷയും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്താം എന്നാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

error: Content is protected !!