
Web Desk
പ്രവാസി അബൂബക്കർ സിദ്ധീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ മരണ കാരണം തലച്ചോറിന് ഏറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അരയ്ക്ക് താഴെ നിരവധി തവണ മർദിച്ച പാടുകളുണ്ട്. കാൽ വെള്ളയിലും അടിച്ച പാടുകൾ കാണാം. നെഞ്ചിന് ചവിട്ടേറ്റു. പേശികൾ അടിയേറ്റ് ചതഞ്ഞ് വെള്ളം പോലെയായെന്നും റിപ്പോർട്ടിൽ പറയുന്നു.
അബൂബക്കർ സിദ്ധീഖിനെ പ്രതികൾ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചെന്നും സിദ്ധീഖ് മരണപ്പെട്ടതോടെയാണ് തന്നെ വിട്ടയച്ചതെന്നും സഹോദരൻ അൻവർ വെളിപ്പെടുത്തിയിരുന്നു.
അതേസമയം കേസിൽ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തി. സംഘം ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.