സംസ്ഥാനത്ത് ഇനി പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; കറന്റ് പോകുന്നതിന് മുൻപ് ഫോണിൽ മെസേജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ‘പീക്ക് ലോഡ് മാനേജ്‌മെന്റ്’ എന്ന രീതിയിലാണ് കെഎസ്‌ഇബി നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇക്കാര്യം മുൻകൂട്ടി അറിയിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വൈകിട്ട് ആറ് മണി മുതൽ 11 മണിവരെ വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലാകുന്ന സാഹചര്യമാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ലോഡ് താങ്ങാനാകാതെ വരുന്നതോടെ വിതരണ സംവിധാനം തകരാറിലാകുന്നത് കണക്കിലെടുത്താണ് കെഎസ്‌ഇബിയുടെ നടപടി.

15 മിനിട്ട് മുതൽ അര മണിക്കൂർവരെ വൈദ്യുതി മുടങ്ങും. ഇതിനുമുന്നോടിയായി എസ്എംഎസ് വഴി അറിയിക്കുമെന്ന് കെഎസ്‌ഇബി വ്യക്തമാക്കുന്നു. പവർ കട്ട് എന്ന രീതിയിലല്ലെന്നും പ്രദേശത്തെ വൈദ്യുതി ഉപഭോഗം കണക്കിലെടുത്തുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും അധികൃതർ അറിയിച്ചു. വൈദ്യുതി സംവിധാനത്തിന് കേടുപാടുകളോ ആഘാതമോ സംഭവിക്കാതിരിക്കാനാണ് കെഎസ്‌ഇബിയുടെ മുൻകരുതൽ നടപടി.പീക്ക് സമയ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും കേരളത്തിന് പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവ് വരികയും ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ഔദ്യോഗികമായി ലോഡ് ഷെഡിംഗ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നഗരമേഖലകളിലടക്കം രാത്രി മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നു. അരമണിക്കൂർ വരെയാണ് വൈദ്യുതി നിയന്ത്രണം. ഇത് ‘ലോഡ് ഷെഡിംഗ് അല്ല ‘ലോഡ് റെസ്ട്രിക്ഷൻ’ (നിയന്ത്രണം) ആണെന്നായിരുന്നു കെഎസ്‌ഇബി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിന് ബദലായാണ് ഇപ്പോൾ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നത്. പ്രതിസന്ധി രൂക്ഷമായതോടെ യൂണിറ്റിന് 10 രൂപവരെ നൽകി മേയ് 15 വരെ ടേം എഹെഡ് മാർക്കറ്റിൽ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!