ഹരിത ചട്ടലംഘനം: ജില്ലയില്‍ പിടിച്ചെടുത്തത് 450 കിലോ നിരോധിത ഫ്ലക്സ്

കോഴിക്കോട്: സംസ്ഥാനത്തു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു. ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പ്രിന്റിങ് ഗോഡൗണുകളില്‍ നടത്തിയ റെയ്ഡിലാണ് നിരോധിത ഫ്ലക്സ് പിടിച്ചെടുത്തത്.

തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണല്‍ വിജിലൻസ് ഓഫീസർ ടി ഷാഹുല്‍ ഹമീദിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി കെ സരിത്, ഒ ജ്യോതിഷ്, കോർപ്പറേഷൻ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ ഡി ആർ രജനി, വി കെ സുബറാം എന്നിവരും പങ്കെടുത്തു.

നിരോധിത ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമയ്ക്ക് അധികൃതർ നോട്ടീസ് നല്‍കി. പിഴ ചുമത്തുന്നതിനും തുടർ നടപടികള്‍ക്കുമായി പിടിച്ചെടുത്ത വസ്തുക്കള്‍ കോർപ്പറേഷന് കൈമാറി. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!