ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ മുന്‍ വീഡിയോകള്‍ വിവാദത്തില്‍ ;സൈറണും ഹോണും നിര്‍ത്താതെ മുഴക്കി അതിവേഗ യാത്ര

Web Desk

കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ മുന്‍ യാത്ര വീഡിയോകള്‍ക്കെതിരെ വ്യാപക വിമര്‍ശനം. ബീഹാറിലൂടെയുള്ള യാത്രയുടെ വീഡിയോക്കെതിരെയാണ് പ്രധാനമായും വിമര്‍ശനം ഉയരുന്നത്. പുറത്തുവന്ന വീഡിയോയില്‍ സൈറണ്‍ മുഴക്കിയും ഹോണ്‍ നിര്‍ത്താതെ അടിച്ചുമാണ് ഇവര്‍ വാഹനമോടിക്കുന്നത്. ആംബുലന്‍സുകള്‍ക്ക് മാത്രം ഉപയോഗിക്കുന്ന തരത്തിലുള്ള സൈറണ്‍ വീഡിയോയിലെ ഇവരുടെ വാഹനത്തിനുണ്ട്.

ഈ സൈറണ്‍ ഓണ്‍ ചെയ്തും ഹോണ്‍ നിര്‍ത്താതെ മുഴക്കിയും പോയാല്‍ വളരെ വേഗം യാത്ര ചെയ്യാമെന്നാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ ലിബിനും എബിനും പറയുന്നത്. ആരെങ്കിലും ചോദിച്ചാല്‍ സെന്‍ട്രല്‍ ലോക്ക് തകരാറിലാണെന്ന് പറഞ്ഞാല്‍ മതിയെന്നും ഇവര്‍ വീഡിയോ കാണുന്നവര്‍ക്ക് ഉപദേശം നല്‍കുന്നുണ്ട്. ഗതാഗത നിയമങ്ങളും റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട അവശ്യ മര്യാദകളും പാലിക്കാതെയാണ് ഇവരുടെ യാത്രയെന്നും ഇതിലൂടെ തികച്ചും അപകടകരമായ സന്ദേശമാണ് പങ്കുവെക്കുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നത്.ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ എന്നറിയപ്പെടുന്ന വ്ളോഗര്‍മാരായ കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കളക്ടറേറ്റിലെ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി.

error: Content is protected !!