ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് തിയേറ്ററിലേക്ക്; നവംബര്‍ 12 ന് റിലീസെന്ന് റിപ്പോര്‍ട്ട്

Web Desk

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കുറുപ്പ് തിയേറ്ററുകളിലേക്ക്. ചിത്രം ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നവംബര്‍ 12 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രത്തിന്റെ റിലീസ് തിയതി ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. മന്ത്രി സജി ചെറിയാനുമായി തിയറ്റര്‍ ഉടമകള്‍ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകനും ശ്രീനാഥായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 35കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ് കുറുപ്പ്. കേരളമൊന്നാകെ ചര്‍ച്ച ചെയ്ത കുപ്രസിദ്ധനായ സുകുമാരക്കുറുപ്പായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, ശോഭിത, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ. എസ്. അരവിന്ദും ചേര്‍ന്നാണ്.
നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു . വിനി വിശ്വലാലാണ് ക്രീയേറ്റീവ് ഡയറക്ടറാണ്. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

error: Content is protected !!