ഡ്രൈവിങ് ടെസ്റ്റുകൾ ഇഴഞ്ഞുനീങ്ങുന്നു. ദുരിതത്തിലായി ആയിരക്കണക്കിന് അപേക്ഷകർ

Report : സി. ഫസൽ ബാബു

കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഡ്രൈവിങ് ടെസ്റ്റുകൾ ഇഴഞ്ഞുനീങ്ങുന്നത് മൂലം ആയിരക്കണക്കിന് അപേക്ഷകരാണ് ദുരിതത്തിലാവുന്നത് . ലേണിങ് ടെസ്റ്റ് പൂർത്തിയാക്കിയ നിരവധി പേരുടെ അപേക്ഷകളാണ് ഡ്രൈവിങ് സ്കൂളുകളിൽ കെട്ടിക്കിടക്കുന്നത്. ഇതിന് പുറമേ നിരവധി പുതിയ അപേക്ഷകളും എങ്ങുമെത്താതെ നിൽക്കുകയാണ്. കഴിഞ്ഞ ഡിസംബർ മാസം മുതലുള്ള അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. കൊവിഡ് ഒന്നാം തരംഗ സമയത്തെ അപേക്ഷകളിലെ ടെസ്റ്റ് പൂർത്തിയാവാത്തതാണ് ഇതിന് കാരണം. ആറുമാസമാണ് ലേണിങ് ടെസ്റ്റിൻ്റെ കാലാവധി. കൊവിഡ് പരിഗണിച്ച് സർക്കാർ കാലാവധി ഒമ്പതുമാസം വരെ നീട്ടിയെങ്കിലും ലേണിങ് ടെസ്റ്റ് പാസായി ആറുമാസം കഴിഞ്ഞ അപേക്ഷകരുടെ ഡ്രൈവിങ് ടെസ്റ്റിനുള്ള തീയതി വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നില്ലെന്ന് ഡ്രൈവിങ് സ്കൂൾ അധികൃതർ പറയുന്നു.

ഇരുചക്രവാഹനവും നാല് ചക്ര വാഹനത്തിനും ലൈസൻആവശ്യമുള്ള ഒരാൾക്ക് 1410 രൂപയാണ് ലേണിങ് ടെസ്റ്റിനായി അടയ്ക്കേണ്ടതായുണ്ട് .കൊടുവള്ളി ആർ.ടി ഓഫീസിന് കീഴിൽ മാത്രം 120 പേർക്ക് ഒരുദിവസം ഡ്രൈവിങ് ടെസ്റ്റ് നടത്തിയിരുന്ന സമയത്ത് ഇപ്പോൾ കൊവിഡ് നിയന്ത്രണങ്ങൾ മൂലം 35 പുതിയ അപേക്ഷകർക്കും 10 ഫെയിൽഡ് അപേക്ഷകർക്കുമടക്കം 45 പേർക്ക് മാത്രമാണ് ടെസ്റ്റ് നടത്തുന്നത്. ഇതിൽ തന്നെ ലോക്ക്ഡൗൺ സമയത്ത് ടെസ്റ്റ് പൂർണമായും മുടങ്ങുകയും ചെയ്തിരുന്നു. വിവിധ ജോലികൾക്കും പി.എസ്.സി അടക്കമുള്ളവയ്ക്കും വിദേശത്തേക്ക് പോകുന്നതിന് വേണ്ടിയും ഡ്രൈവിങ് ലൈസൻസിന് അപേക്ഷിച്ച ആയിരക്കണക്കിന് പേരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്.

ആഴ്ചയിൽ അഞ്ചുദിവസം ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നുണ്ടെങ്കിലും നടത്തുന്നതിൻ്റെ എണ്ണം കുറവായതിനാൽ ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. കൂടുതൽ കേന്ദ്രങ്ങൾ അനുവദിച്ച് ഡ്രൈവിങ് ടെസ്റ്റുകൾ വേഗത്തിലാക്കണമെന്നാണ് അപേക്ഷകരും ഡ്രൈവിങ് സ്കൂളുകളും ആവശ്യപ്പെടുന്നത്. ഒരു ഡ്രൈവിംഗ് സ്കൂളിന് കീഴിൽ മാത്രം ശരാശരി 500 ഓളം അപേക്ഷകരാണ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. മാത്രമല്ല കൊടുവള്ളി ഓഫീസിന് കീഴിൽ ടെസ്റ്റ് നടക്കുന്ന ചാത്തമംഗലത്ത് കണ്ടയ്ൻമെൻ്റ് സോണായാൽ പിന്നെ പകരം സംവിധാനവും ഇല്ല. സംസ്ഥാനത്ത് കൊവിഡ് കൂടുതൽ ശക്തമാകുമ്പോൾ അപേക്ഷകർ വീണ്ടും ആശങ്കയിലാണ്.

error: Content is protected !!