ഡ്രൈവിങ് ടെസ്റ്റ് : ശനിയാഴ്ചകൂടി ടെസ്റ്റ് നടത്താൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു

Web Desk

ആയിരക്കണക്കിനാളുകൾ ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്ന സാഹചര്യത്തിലാണ് ശനിയാഴ്ചകൂടി ടെസ്റ്റ് നടത്താൻ മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചത്. തിരക്കു മുൻനിർത്തി ടെസ്റ്റുകളുടെ എണ്ണവും കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു. ഓരോ ആർ.ടി. ഓഫീസ് പരിധിയിലും 700 മുതൽ 2,000 വരെ ലേണേഴ്സുകളുടെ കാലാവധി ഈ മാസം 30-ന് അവസാനിക്കുകയാണ്. കോവിഡ്കാരണം മാസങ്ങളോളം ഡ്രൈവിങ് ടെസ്റ്റ് നടന്നിരുന്നില്ല. ഫെബ്രുവരി 2020 മുതലുള്ള ലേണേഴ്സുകൾക്ക് സർക്കാർ 2021 സെപ്റ്റംബർ 30 വരെ കാലാവധി നീട്ടിനൽകുകയായിരുന്നു. ഇനി കാലാവധി നീട്ടിനൽകില്ലെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ, അപേക്ഷകരുടെയെണ്ണം കൂടുതലായതിനാൽ പലർക്കും ടെസ്റ്റിനുള്ള തീയതി ഇതുവരെലഭിച്ചില്ല.

കോവിഡ് നിയമങ്ങൾ പാലിക്കേണ്ടതിനാൽ പരിമിതമായ ആളുകൾക്കാണ് ആദ്യഘട്ടത്തിൽ ടെസ്റ്റ് നടത്തിയിരുന്നത്. നിലവിൽ അഞ്ചുദിവസമാണ് ടെസ്റ്റ്. ശനിയാഴ്ചകൂടി നടത്തുമ്പോൾ ആഴ്ചയിൽ ആറുദിവസവും ടെസ്റ്റുണ്ടായിരിക്കും. അവധിദിനം വന്നാലും ശനിയാഴ്ച ടെസ്റ്റ് നടത്തണമെന്നാണു നിർദേശം.
ലോക്ഡൗണിനുശേഷം ടെസ്റ്റുകൾ പുനരാരംഭിച്ചപ്പോൾ ദിവസേന ഒരു ആർ.ടി. ഓഫീസ് പരിധിയിൽ 60 ടെസ്റ്റുകളാണ് നടത്തിയിരുന്നത്. പിന്നീടിത് 90 ടെസ്റ്റുകളാക്കി ഉയർത്തി. കോവിഡിന് മുൻപ് ഒരുദിവസം 120 മുതൽ 180 ടെസ്റ്റുകൾവരെ ഒരുകേന്ദ്രത്തിൽ നടത്തിയിരുന്നു.

error: Content is protected !!