
Web Desk
അധ്യാപകനും എഴുത്തുകാരനും നാടന്‍ കലകളുടെ ഗവേഷകനുമായ ഡോ. സി. ആര്‍. രാജഗോപാലന്‍ (64) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. അവശനായ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ശ്രീകേരളവര്‍മ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായും കേരള സര്‍വകലാശാലയില്‍ പ്രൊഫസറായും സേവനം അനുഷ്ഠിച്ചു.
കോഴിക്കോട് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഗവേഷണ ബിരുദം നേടി. നാട്ടറിവു പഠനത്തില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ഡി.സി ബുക്‌സിന്റെ നാട്ടറിവുകള്‍ എന്ന 20 പുസ്തകപരമ്പരയുടെ ജനറല്‍ എഡിറ്ററും കൃഷിഗീതയുടെ എഡിറ്ററുമായിരുന്നു. കേരള ഫോക്‌ലോര്‍ അക്കാദമി, കേരള സംഗീത നാടക അക്കാദമ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പ്, വംശീയ സംഗീതം പ്രൊജക്ട്, നാടോടി രംഗാവതരണങ്ങളുടെ ദേശീ സൗന്ദര്യബോധത്തെപ്പറ്റി യൂജിസിയുടെ മേജര്‍ പ്രൊജക്ട് എന്നിവ ലഭിച്ചിട്ടുണ്ട്. നാടന്‍പാട്ടുകളുടെ ആല്‍ബങ്ങള്‍, ഫോക്‌ലോര്‍ ഡോക്യൂമെന്ററികള്‍ എന്നിവ സംവിധാനം ചെയ്തു. ഗ്രീസ്, ചൈന, പോളണ്ട്, ഇറ്റലി, ഇംഗ്ലണ്ട്, സ്വിസ്റ്റര്‍ലണ്ട്, റോം, ജനീവ, ഓക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജനീവ കേന്ദ്രമായുള്ള ലോക ഭൗതിക സ്വത്തവകാശ സംഘടന നടത്തിയ പാരമ്പര്യ അറിവുകളുടെ യോഗത്തില്‍ പങ്കെടുത്തു.