
Entertainment Desk
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘വാത്തി’യുടെ ഫ്‌സറ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വെങ്കി അറ്റിലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. ‘സര്‍’ എന്ന പേരില്‍ തമിഴിനൊപ്പം തന്നെ തെലുങ്കിലും ചിത്രം റിലീസ് ചെയ്യും. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് സര്‍. ഒരുപാട് സ്വപ്‌നങ്ങളുള്ള കോളേജ് അധ്യാപകനായ ഒരു സാധാരണ മനുഷ്യന്റെ കഥയാണ് വാത്തി പറയുന്നത്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പോരാടുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
സിനിമയില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങളുടെ പേരുകള്‍ പുറത്ത് വിട്ടില്ലെങ്കിലും ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. സിനിമാറ്റോഗ്രഫി ദിനേഷ് കൃഷ്ണന്‍, എഡിറ്റിംഗ് നവീന്‍ നൂളി. വിജയ് ചിത്രം മാസ്റ്ററിലെ തരംഗമായ പാട്ട് ‘വാത്തി കമ്മിംഗി’ന്റെ പേര് നല്‍കിയിരിക്കുന്നത് കൊണ്ട് തന്നെ ധനുഷിന്റെ പുതിയ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.അക്ഷയ് കുമാറിനും സാറാ അലി ഖാനുമൊപ്പമുള്ള ‘അത്‌രംഗി രേ’ ആണ് ധനുഷിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം.