
NEWSDESK
മലപ്പുറം: വാഴക്കാട് ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. എട്ടോളം വാർഡുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിലവിൽ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ മൂന്നാഴ്ചക്കിടെയാണ് ഡെങ്കിപ്പനി വ്യാപകമായത്. വാഴക്കാട് പഞ്ചായത്തിലെ 6, 7, 8, 9, 14, 15, 18, 19 വാർഡുകളിലാണ് നിലവിൽ രോഗം കണ്ടെത്തിയത്. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് ജില്ലാ വിഭാഗം പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.
ഒമ്പത് വാർഡുകൾ ഹോട്ട്‌സ്പോട്ടുകൾ
നിലവിൽ വാഴക്കാട് പഞ്ചായത്തിലെ ഒമ്പതോളം വാർഡുകൾ ഹോട്ട്‌സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വാർഡുകളിൽ ഡെങ്കിപ്പനി കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ജില്ലാ ആരോഗ്യവകുപ്പ് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നു
തോട്ടം ഉടമകൾക്ക് ബോധവൽക്കരണം നൽകാനും, എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആചരണം ഊർജിതപ്പെടുത്താനും തീരുമാനമായി. ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ കൊതുക് ഉറവിട നശീകരണം ശക്തമാക്കും. പ്രത്യേകിച്ച് തോട്ടം മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും. പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രോഗികൾ നിർബന്ധമായും കൊതുകുവല ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി ഡി.എം.ഒ. ഡോക്ടർ സുബിൻ, ടെക്നിക്കൽ അസിസ്റ്റന്റുമാരായ സുരേഷ്, ശാഹുൽ ഹമീദ്, മാസ്സ് മീഡിയ ഓഫീസർ സാദിഖലി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ സന്തോഷ്, ഹെൽത്ത് സൂപ്പർവൈസർ കൃഷ്ണൻ പരപ്പുറത്ത് എന്നിവരടങ്ങുന്ന ജില്ലാ മെഡിക്കൽ ടീം വാഴക്കാട് സന്ദർശിച്ചു. വാഴക്കാട് എഫ്.എച്ച്.സി. മെഡിക്കൽ ഓഫീസർ അനു കോശി, ഹെൽത്ത് ഇൻസ്പെക്ടർ ഷാജു, ജെ.എച്ച്.ഐമാരായ അബ്ദുൽ ഗഫൂർ, രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.