newsdesk
ഡെങ്കിപ്പനി ഇന്ത്യയില്‍ ഇപ്പോഴും വ്യാപകമാണ്. ഈഡിസ് ഈജിപ്തി കൊതുക് വഴി പകരുന്ന ഡെങ്കു ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. ഹെമറാജിക് ഫീവറും ആന്തരികാവയവങ്ങളില്‍ രക്തസ്രാവവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്കു രോഗിയെ എത്തിക്കാന്‍ ഡെങ്കുവിനു സാധിക്കും. എന്നാല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ പഠനവും ഗവേഷണങ്ങളും മുഴുവന്‍ കോവിഡും കോവിഡ് വാക്‌സിനും ചുറ്റിപ്പറ്റിയുള്ളതായി. ഡെങ്കുവിനെക്കുറിച്ചാകട്ടെ വളരെക്കുറച്ച് പഠനങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ.
എന്‍ടിയു സിംഗപ്പൂരിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഡെങ്കിപ്പനിക്ക് ജീവന്‍ അപകടത്തിലാക്കുംവിധം ഹൃദയത്തില്‍ സ്വാധീനം ചെലുത്താനാകുമെന്ന് കണ്ടെത്തി. കോവിഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡെങ്കിപ്പനി അതിജീവിച്ചവര്‍ക്ക് ഹൃദയസംബന്ധമായ സങ്കീര്‍ണകള്‍ക്കുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. ഡെങ്കിപ്പനി ബാധിച്ച് ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത 55 ശതമാനം അധികമാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദ്രോഗം, രക്തം കട്ടപിടിക്കല്‍ എന്നിവയാണ് ഗവേഷകര്‍ സങ്കീര്‍ണത വിഭാഗത്തില്‍ നിരീക്ഷിച്ചത്. ഈ സങ്കീര്‍ണതകള്‍ കോവിഡ് രോഗികളിലും കാണപ്പെടുന്നുണ്ടെന്ന് ജേണല്‍ ട്രാവല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
സിംഗപ്പൂരില്‍ 2021 ജൂലൈ മുതല്‍ 2022 ഒക്ടോബര്‍ വരെ കോവിഡ് ബാധിച്ച 1.248.326 വ്യക്തികള്‍ക്കൊപ്പം ഡെങ്കിപ്പനി ബാധിതരായ 11,707 വ്യക്തികളെയും പഠനത്തിനായി ഗവേഷകര്‍ നിരീക്ഷിച്ചു. അണുബാധയ്ക്കുശേഷം 300 ദിവസംവരെയുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് നിരീക്ഷണവിധേയമാക്കിയത്.
ഡെങ്കിപ്പനി ശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ഒരു പ്രധാന സങ്കീര്‍ണത ഡെങ്കി ഹെമറാജിക് ഫീവര്‍ ആണ്. ഇത് രക്തസ്രാവത്തിനും പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്നതിനും അവയവങ്ങളുടെ തകരാറിനും കാരണമാകും.
ചില രോഗികള്‍ രക്തസമ്മര്‍ദം താഴ്ന്ന് ഡെങ്കി ഷോക് സിന്‍ഡ്രോം എന്ന അവസ്ഥയിലേക്കും എത്തുന്നുണ്ട്. പോസ്റ്റ് ഡെങ്കു ഫാറ്റിഗ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന കടുത്ത ക്ഷീണം, പേശി വേദന, സന്ധിവദേന എന്നിവ ഇതിന്‌റെ ലക്ഷണങ്ങളാണ്.കരളിന് തകരാറ്, മയോകാര്‍ഡൈറ്റിസ്, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയ സങ്കീര്‍ണതകളുമുണ്ടാകാം.
ഡെങ്കിപ്പനി ഹൃദയത്തെ മാത്രമല്ല, മെമ്മറി ഡിസോര്‍ഡറുകളുടെ അപകടസാധ്യത 213 ശതമാനവും കോവിഡ് ബാധിതരെ അപേക്ഷിച്ച് ചലനവൈകല്യങ്ങള്‍ക്കുള്ള സാധ്യത 198 ശതമാനവും വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
കോവിഡും ഡെങ്കുവും ബാധിച്ചശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന ഈ പഠനം വളരെ നിര്‍ണായകമാണെന്ന് ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ്ങിലെ ദ ജോക്കി ക്ലബ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത് ആന്‍ഡ് പ്രൈമറി കെയറിലെ സാംക്രമികരോഗ വിദഗ്ധന്‍ ക്വാക് കിന്‍-ഓണ്‍ എന്‍ടിയു സിംഗപ്പൂരിനോട് പറഞ്ഞു. ഡെങ്കിപ്പനിയില്‍നിന്ന് മുക്തരാകുന്നവര്‍ക്ക് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ അതിജീവിക്കാനും കരുതലെടുക്കാനും ഈ പഠനം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
ഈ രോഗലക്ഷണങ്ങള്‍ എല്ലാംതന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടന്ന് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തില്‍തന്നെ വിദഗ്ധ ചികിത്സ തേടണം.