
newsdesk
കണ്ണൂർ ∙ പല സ്കൂളുകളിലും മൊബൈൽ ഫോൺ കണ്ടെടുത്താൽ അത് വിൽപ്പന നടത്തി പണം പിടിഎ ഫണ്ടിലേക്ക് സ്വരുക്കൂട്ടുന്ന സ്ഥിതിയുണ്ടെന്നും ഇത് തെറ്റായ പ്രവണതയാണെന്നും ബാലാവകാശ കമ്മിഷൻ ചെയർപഴ്സൺ കെ.വി. മനോജ്കുമാർ.
സ്കൂളുകളിലെ പരിശോധനയുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മിഷൻ പുറപ്പെടുവിപ്പിക്കുന്ന പല ഉത്തരവുകളും വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധർമ്മടം മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂളുകളിൽ വിദ്യാർഥികളുടെ ബാഗ് പരിശോധന നടത്തുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച ഉത്തരവുകളാണ് വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്താൽ രക്ഷിതാക്കളെ അറിയിച്ച് അത് തിരിച്ചു നൽകേണ്ട ഉത്തരവാദിത്തം അധ്യാപകർക്കുണ്ട്. ബാഗ് പരിശോധിക്കുമ്പോൾ വിദ്യാർഥികളുടെ അവകാശങ്ങൾ ലംഘിക്കാത്ത വിധത്തിൽ പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.