
newsdesk
മുക്കം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഔദ്യോഗിക ഭാഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ഹിന്ദി പക്ഷാചരണം 2026’ ആഘോഷങ്ങൾക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനവും സാങ്കേതിക ഹിന്ദി ശില്പശാലയും എൻ.ഐ.ടി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ നിർവ്വഹിച്ചു.
ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിനൊപ്പം തന്നെ സ്വന്തം മാതൃഭാഷകളെയും പ്രാദേശിക ഭാഷകളെയും ബഹുമാനിക്കാനും സംരക്ഷിക്കാനും എല്ലാവരും മുന്നോട്ടുവരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ. പ്രസാദ് കൃഷ്ണ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിൽ പ്രാദേശിക ഭാഷകൾക്ക് വലിയ പങ്കുണ്ട്. ഹിന്ദി ഭാഷയുടെ ഉപയോഗം അടിച്ചേൽപ്പിക്കലിലൂടെയല്ല, മറിച്ച് ജീവനക്കാരുടെ താല്പര്യത്തോടെയുള്ള പങ്കാളിത്തത്തിലൂടെയാണ് സാധ്യമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് നടന്ന സാങ്കേതിക ഹിന്ദി ശില്പശാലയ്ക്ക് പോണ്ടിച്ചേരി സർവ്വകലാശാല ഹിന്ദി വകുപ്പ് മേധാവി ഡോ. സി. ജയശങ്കർ ബാബു നേതൃത്വം നൽകി. വിവരസാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി (Artificial Intelligence), ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയുടെ വളർച്ച ഹിന്ദിയുടെ ഉപയോഗത്തിന് പുതിയ സാധ്യതകൾ തുറന്നു നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നവീന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഔദ്യോഗിക-സാങ്കേതിക മേഖലകളിൽ ഹിന്ദിയുടെ പ്രയോഗം കൂടുതൽ എളുപ്പമാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഡീൻ പ്രൊഫ. എ. ഷൈജ, ഡെപ്യൂട്ടി ലൈബ്രറിയൻ ഡോ. അരുൺ എഫ്. അദ്രക്കട്ടി, മറ്റ് അധ്യാപകരും ജീവനക്കാരും പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി വിവിധ മത്സരങ്ങളും ഭാഷാ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ ആസ പി. എം നന്ദി രേഖപ്പെടുത്തി.