കോഴിക്കോട് ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണം: കൃഷിനാശം 34 ലക്ഷം

NEWSDESK

കോഴിക്കോട്: വന്യമൃഗങ്ങളുടെ ആക്രമണം മൂലം കോഴിക്കോട് ജില്ലയിലുണ്ടായ കൃഷിനാശം കാൽകോടിക്കടുത്ത്. ജനുവരി മുതൽ ജൂലൈ വരെ 16.85 ഹെക്ടർ ഭൂമിയിലെ 34,29,590 രൂപയുടെ കൃഷിയാണ് വന്യമൃഗ ആക്രമണത്തിൽ മാത്രം നശിച്ചത്. ഇതിൽ കൊടുവള്ളി, മുക്കം എന്നിവിടങ്ങളിലെ 83 കർഷകർക്കാണ് കൂടുതൽ നാശം സംഭവിച്ചത്. കൊടുവള്ളിയിൽ 9.88 ഹെക്ടർ സ്ഥലത്ത് 29.88 ലക്ഷം രൂപയുടെയും മുക്കത്ത് 5.26 ഹെക്ടർ സ്ഥലത്ത് 1. 45 ലക്ഷം രൂപയുടെയും കൃഷിനാശമുണ്ടായി.

ജില്ലയിൽ ഓരോ ദിവസവും വന്യജീവി ആക്രമണം മൂലമുള്ള നാശനഷ്ടം കൂടിവരുന്ന സാഹചര്യത്തിൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. കാട്ടാന, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ആക്രമണത്തിലാണ് ജില്ലയിൽ കർഷകർക്ക് കൂടുതൽ നഷ്ടം സംഭവിച്ചിട്ടുള്ളത്. മലയോര മേഖലയായ വിലങ്ങാട്, പന്നിയേരി കുറ്റല്ലൂർ, പാലൂർ മേഖലകളിലും ചക്കിട്ടപ്പാറ, ചെമ്പനോട പന്നിക്കോട്ടൂർ, ചെങ്കോട്ടക്കൊല്ലി, കൂവപൊയിൽ, മുതുകാട്, വട്ടക്കയം മേഖലകളിലും, നാദാപുരം ചെക്യാട് കണ്ടിവാതുക്കലും, കോടഞ്ചേരി, കൂരോട്ടുപാറ, തുഷാരഗിരി, ജീരകപ്പാറ മേഖലകളിലും, ആനക്കാംപൊയിലിലുമാണ് വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. വാഴ, ചേമ്പ്, ചേന, മരച്ചീനി, തെങ്ങ്, കവുങ്ങ്, വാഴ, ജാതി, കൊക്കോ, റബ്ബർ തുടങ്ങിയ വിളകൾക്കാണ് കൃഷിനാശം കൂടുതലും സംഭവിച്ചിട്ടുള്ളത്. വനാതിർത്തിയിൽ നിന്ന് ദൂരത്തുള്ള ഗ്രാമങ്ങളിൽ പോലും വന്യജീവി ആക്രമണം നിത്യസംഭവമാണെന്നും പരാതികളുണ്ട്. ഇതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയോടെയാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. വിളനാശത്തിന് പുറമെ വന്യജീവി ആക്രമണത്തിൽ മരണം, പരിക്ക്, വീട് നാശം, കന്നുകാലി നാശം, മറ്റ് സ്വത്തുക്കളുടെ നാശം എന്നിവ സംഭവിച്ചവരും നിരവധിയാണ്. മൃഗങ്ങളുടെ ശല്യം രൂക്ഷമായ ഇടങ്ങളിൽ വേലികളടക്കം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും പരിഹാരമാകാത്ത സ്ഥിതിയാണ്. നടപടിക്രമങ്ങൾ അനന്തമായി നീളുന്നതും കർഷകർക്ക് തിരിച്ചടിയാണ്.

വന്യമൃഗങ്ങളുടെ ശല്യം മൂലം കൃഷി ഉപേക്ഷിച്ച് അതിർത്തി പ്രദേശങ്ങളിൽനിന്ന് പലായനം ചെയ്തവരും കുറവല്ല.കൃഷി നാശം മാത്രമല്ല ഇവ ജനങ്ങളെ അക്രമിക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസവും വടകരയിൽ കാട്ടുപന്നി കുറുകെ ചാടി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ ജില്ലയിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പന്നിയുടെ കുത്തേറ്റും റോഡിനു കുറുകെ ചാടുന്നത് മൂലമുണ്ടാകുന്ന വാഹനാപകടങ്ങളിലുമാണ് ആളുകൾ മരണപ്പെടുന്നത്. നേരത്തെ കാടിനോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമാണ് കാട്ടുപന്നിയുടെ ശല്യമുണ്ടായിരുന്നതെങ്കിലും അടുത്ത കാലത്തായി നഗരങ്ങളിൽ പോലും ഇവ നാശം വിതക്കുന്നുണ്ട്.ജില്ലയിലെ എല്ലാ മലയോര പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം നിലനിൽക്കുന്നുണ്ട്. ഇവയെ വെടിവച്ചു കൊല്ലുന്നുണ്ടെങ്കിലും വലിയ തോതിലുള്ള പ്രജനന ശേഷി എണ്ണം കുറക്കുന്നതിന് തടസ്സമായി നിലനിൽക്കുന്നു. ആവശ്യത്തിന് ഷൂട്ടർമാരെ കിട്ടാത്തതും പ്രതിസന്ധിയായി രൂക്ഷമാക്കുന്നു.പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിനു കീഴിൽ പല ഭാഗങ്ങളിലും കാട്ടുപോത്തും ഇറങ്ങുന്നുണ്ട്.

പെരുവണ്ണാമൂഴി ചെമ്പനോട റൂട്ടിൽ മത്തേട്ടുപുഴ പാലത്തിന് സമീപം കാട്ടപോത്തുകൾ വിഹരിക്കുന്നുണ്ടെന്നും ജനങ്ങൾ പറയുന്നു.കൃഷിയിടങ്ങളിൽ വന്യജീവികളുടെ അക്രമം അവസാനിപ്പിക്കാൻ വനവകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും യഥാസമയം കാടും മരങ്ങളും വെട്ടിമാറ്റി ബാറ്ററിയും ഇൻവെർട്ടറും പുനസ്ഥാപിച്ച് സോളാർ ഫെൻസിംഗ് പ്രവർത്തനം കാര്യക്ഷമമാക്കുകയും ഫെൻസിംഗില്ലാത്ത വനാതിർത്തികളിൽ അവ സ്ഥാപിക്കുകയും ചെയ്യണമെന്നുമാണ് മലയോര മേഖലയിലെ ജനങ്ങൾ ആവശ്യപെടുന്നുണ്ട്

error: Content is protected !!