
newsdesk
കോഴിക്കോട്: സിറ്റി പൊലീസ് കമീഷണർ ഓഫീസിന് സമീപം ഇടറോഡിൽ വിദ്യാർഥിയെ തടഞ്ഞുനിർത്തി മൊബൈൽഫോണും പണവും കവർന്ന പ്രതികൾ അറസ്റ്റിൽ. പയ്യാനക്കൽ ചാമുണ്ഡി വളപ്പ് സ്വദേശി പുളിക്കൽതൊടി മുഹമ്മദ് ശംഷീർ (21), അരക്കിണർ തായാർനിലം പറമ്പ് മുഹമ്മദ് ഷാമിൽ (22), നടക്കാവ് തോപ്പയിൽ മുഹമ്മദ് ഷാനിദ് (20), പുതിയങ്ങാടി നടുവിലകം വീട്ടിൽ ജംഷാദ് (20) എന്നിവരെയാണ് കസബ പൊലീസും ടൗൺ അസി. കമീഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക‌്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച കമീഷണർ ഓഫീസിന് എതിർവശത്തെ റോഡിലുടെ പോകുന്നതിനിടെ സിഎ വിദ്യാർഥിയായ വയനാട് മുട്ടിൽ സ്വദേശിയെ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ച് മൊബൈൽഫോണും പണവും കവരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. മുഹമ്മദ് സംഷീർ, മുഹമ്മദ് ഷാമിൽ, ജംഷാദ് എന്നിവർ നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം, കൊലപാതകം, മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. കവർച്ചമുതലുകൾ വിറ്റ്മദ്യവും മയക്കുമരുന്നും വാങ്ങുകയാണ് രീതി. കവർച്ചചെയ്ത് മുതലുകൾ പൊലീസ് കണ്ടെടുത്തു. കസബ ഇൻസ്പെക്ടർ രാജേഷ് മരങ്കലത്ത്, സബ് ഇൻസ്പെക്ടർ ജഗ്മോഹൻ ദത്തൻ, എഎസ്ഐ സുരേഷ് ബാബു എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.