
Web Desk
ഇന്ത്യയുടെ പ്രതിഷേധം തുടരുന്നതിനിടെ, കോവിഡ് യാത്രാച്ചട്ടത്തില്‍ ബ്രിട്ടന്‍ മാറ്റം വരുത്തി. ഇന്ത്യയുടെ കോവിഷീല്‍ഡിനെയും ബ്രിട്ടന്‍ അംഗീകൃത വാക്‌സിന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. അതേസമയം ഇന്ത്യന്‍ സര്‍ക്കാരിന്റെ കോവിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നും ബ്രിട്ടന്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും നിലവിലെ ക്വാറന്റീന്‍ പാലിക്കേണ്ടി വരുമെന്ന് യാത്രാ ചട്ടം വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളിലെ നേതാക്കളും കൂടിയാലോചിച്ച് രമ്യമായി പരിഹരിക്കണമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി അദാര്‍ പൂനെവാല പറഞ്ഞു.
അംഗീകാരമില്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 10 ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്നതാണ് ബ്രിട്ടന്റെ യാത്രാചട്ടം നിര്‍ദേശിച്ചിരുന്നത്. യാത്രയ്ക്കു മൂന്നുദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാംദിവസവും എട്ടാംദിവസവും കോവിഡ് പരിശോധനയും നടത്തണമെന്നും നിയമം അനുശാസിക്കുന്നു. ഒക്ടോബര്‍ നാലുമുതല്‍ പുതിയ ചട്ടം നിര്‍ബന്ധമാക്കുമെന്നാണ് ബ്രിട്ടന്‍ അറിയിച്ചിട്ടുള്ളത്.
ബ്രിട്ടനിലെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്‌സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച് പുനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് വിലക്ക് ഏര്‍പ്പെടുത്തിയത് കടുത്ത വിവേചനം ആണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്താലും ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശത്തിനെതിരെ, സമാന നിലപാട് ഇന്ത്യയും സ്വീകരിക്കുമെന്നും വിദേശകാര്യ വകുപ്പ് സെക്രട്ടറി പറഞ്ഞു.