
newsdesk
കാരശ്ശേരി∙ പഞ്ചായത്തിലെ മുരിങ്ങംപുറായിയെയും മലാംകുന്നിനെയും ബന്ധിപ്പിക്കുന്ന മലാംകുന്ന് ഗ്രൗണ്ട് പാലം അപകടാവസ്ഥയിൽ. പ്രളയം അതിജീവിച്ച പാലത്തിന്റെ അടിഭാഗം പൂർണമായും തകർന്നു. കോൺക്രീറ്റ് കമ്പികൾ പുറത്ത് കാണത്തക്ക വിധം അടിഭാഗം തകർന്നു. കനത്ത മഴയിൽ തോട്ടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് കൂടുന്നതും പാലത്തിന്റെ ശോച്യാവസ്ഥ വർധിപ്പിക്കുന്നു.മുരിങ്ങംപുറായി മലാംകുന്ന് റോഡിലാണ് പാലം. നേരത്തെ ലക്ഷങ്ങൾ ചെലവഴിച്ച് ജില്ലാ പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തിയെങ്കിലും പാലം പുതുക്കി പണിയാൻ നടപടിയില്ല.
സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓടുന്ന റൂട്ടാണിത്. സംസ്ഥാന പാതയിൽ ഓടത്തെരുവ് ഭാഗത്തേക്കും വാഹനങ്ങൾക്ക് ഇതു വഴി എത്തിപ്പെടാവുന്ന ബൈപാസ് റോഡ് കൂടിയാണ്. ആനയാംകുന്ന് ഹൈസ്കൂൾ, ആനയാംകുന്ന് ഗവ.എൽപി സ്കൂൾ, തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്4 പതിറ്റാണ്ടിലേറെ പഴക്കമുണ്ടാവും പാലത്തിന്. കൈവരികളും തകർന്ന് തുടങ്ങി. പാലത്തിലേക്കുള്ള റോഡിലും കുണ്ടും കുഴിയുമാണ്