
Web Desk
മലമ്പുഴ ചെറാട് മലയിൽ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ബാബുവിനെ സ്വീകരിച്ചത്. ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് ബാബുവിനെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തത്. പാലക്കാട് ചെറാട് കുർമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് വ്യാഴാഴ്ച ഉച്ചയോടെ രക്ഷപ്പെടുത്തിയത്.തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യത്തിനാണ് ഫെബ്രുവരി 9ന് സാക്ഷ്യം വഹിച്ചത്.
ക്ഷപ്പെടുത്തിയതിന് പിന്നാലെ ഊർജസ്വലനായിരുന്ന ബാബു എന്നാൽ വെള്ളം കുടിച്ചതിന് പിന്നാലെ രക്തം ഛർദിച്ചത് ആശങ്കയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ഇന്നലെ ബാബു അറിയിച്ചു. ഉമ്മയോട് സംസാരിച്ചുവെന്നും നന്നായി ഉറങ്ങിയെന്നും ബാബു വ്യക്തമാക്കി. മികച്ച രീതിയിലുള്ള പരിചരണം ലഭിക്കുന്നുണ്ടെന്നും ബാബു പറഞ്ഞു. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചെന്നും ബാബു പറഞ്ഞു.