
Web Desk
ആഡംബരക്കപ്പലിലെ ലഹരി പാർട്ടി കേസിൽ കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ജയിൽ മോചിതനായി. വ്യാഴാഴ്ചയാണ് 23കാരന് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്. പിതാവ് ഷാരൂഖ് ഖാൻ മകനെ സ്വീകരിക്കാനായി ആർതർ റോഡ് ജയിലിൽ എത്തിയിരുന്നു. ജാമ്യ ഉത്തരവിന്‍റെ പകർപ്പ് കൃത്യസമയത്ത് ആർതർ റോഡ് ജയിലിൽ എത്തിക്കാത്തത് കൊണ്ടാണ് വെള്ളിയാഴ്ച ആര്യന് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്. 24 ദിവസമാണ് ആര്യൻ ആർതർ റോഡ് ജയിലിൽ കഴിഞ്ഞത്. ശനിയാഴ്ച രാവിലെ ഷാരൂഖ് ബാന്ദ്രയിലെ വസതിയായ മന്നത്തിൽ നിന്നും ആർതർ റോഡ് ജയിലിലേക്ക് പുറപ്പെടുന്ന ചിത്രങ്ങൾ പുറത്തുവന്നു.
ജാമ്യം ലഭിക്കാനായി നടി ജൂഹി ചൗളയാണ് ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട് നൽകിയത്. ബോംബെ ഹൈക്കോടതിയിലെത്തിയാണ് ജൂഹി ബോണ്ട് ഒപ്പിട്ടുനല്‍കിയത്. ജാമ്യനടപടികള്‍ വേഗത്തിലാക്കാന്‍ ജൂഹിയുടെ ഇടപെടല്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ, ഷാരൂഖിൻ്റെ അടുത്ത സുഹൃത്തായ ജൂഹി, അദ്ദേഹത്തിൻ്റെ പ്രയാസകാലത്ത് പ്രതികരിക്കുന്നില്ല എന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. അതെല്ലാം തള്ളിക്കൊണ്ടാണ് അവർ കോടതിയിൽ എത്തിയത്.