അൻവർ യു.ഡി.എഫ് വഴിയിൽ, പ്രവേശന തീരുമാനം പിന്നീട്

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മുൻ എം.എൽ.എ പി.വി. അൻവർ യു.ഡി.എഫിനെ പിന്തുണയ്ക്കും. ഇന്നലെ കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്

അതേസമയം, അൻവറിന്റെ മുന്നണി പ്രവേശം യു.ഡി.എഫ് ഘടകകക്ഷികളുമായി ഒറ്റയ്ക്കും മുന്നണിതലത്തിലും ചർച്ച ചെയ്തശേഷമാവും ഉണ്ടാവുക. നിലമ്പൂരിൽ ആരെ സ്ഥാനാർത്ഥിയാക്കിയാലും കോൺഗ്രസിനും യു.ഡി.എഫിനുമൊപ്പം താനുണ്ടാവുമെന്ന് അൻവർ നേതാക്കൾക്ക് ഉറപ്പുനൽകി.അൻവറുമായി വിശദമായി സംസാരിച്ചെന്നും അദ്ദേഹം കോൺഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കുമെന്നും ചർച്ചയ്ക്കുശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആ സഹകരണം ഞങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചില നിർദ്ദേശങ്ങൾ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇവ കോൺഗ്രസിലും യു.ഡി.എഫിലും ചർച്ച ചെയ്ത് തീരുമാനിക്കും. മുന്നണിയിൽ ആലോചിക്കാതെ പ്രവേശനത്തെക്കുറിച്ച് പറയാനാകില്ല. ഘടകകക്ഷികളുമായി ചർച്ചചെയ്തശേഷമേ ഇതുസംബന്ധിച്ച തീരുമാനമെടൂക്കൂ. കോൺഗ്രസ് തീരുമാനം ഘടകകക്ഷികൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന രീതി യു.ഡി.എഫിനില്ല. ഒൻപത് വർഷം നിലമ്പൂരിൽ എം.എൽ.എ ആയിരുന്ന അൻവറിന്റെ പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും സതീശൻ പറഞ്ഞു. അൻവറിന്റെ പിന്തുണ യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് കെ.സുധാകരനും മാദ്ധ്യമങ്ങളോട് പറഞ്ഞു.

പിണറായിസത്തിനെതിരെ ഒരുമിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്നും നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പി.വി.അൻവർ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജി.പിയും സി.പി.എമ്മുമെല്ലാം ഇക്കാര്യത്തിൽ യോജിച്ചാണ് നിൽക്കുന്നത്. ഏതായാലും പിണറായിസത്തിനെതിരായ ബോംബാവും പൊട്ടാൻ പോവുക. താൻ യു.ഡി.എഫുമായി സഹകരിക്കുന്നത് തൃണമുൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മറ്റു കാര്യങ്ങൾ പിന്നീട് ചർച്ച ചെയ്യും.

error: Content is protected !!