
Web Desk
മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണ കേസിൽ വിചാരണ വൈകുന്നതിനെ ന്യായീകരിച്ച് സർക്കാർ. ആന്റണി രാജുവിന്റെ കേസ് മാത്രമല്ല, അനേകം കേസ് കെട്ടിക്കിടപ്പുണ്ടെന്നും ഹർജിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ മജിസ്ട്രേറ്റ് കോടതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം ഹർജി പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിമിനൽ കേസുകളിൽ സ്വകാര്യഹർജികൾ പരിഗണിക്കരുതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. ഇരകൾക്കും പ്രതികൾക്കുമാണ് ഇത്തരം കേസുകളിൽ ഹർജി നൽകാൻ സാധിക്കുകയെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. ഇത്തരം ഹർജികൾ വരുമ്പോൾ നോക്കി നിൽക്കണമായിരുന്നോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. പല കേസുകളിലും മൂന്നാംകക്ഷി ഇടപെടൽ ഉണ്ടായിട്ടുണ്ടന്നും കോടതി വ്യക്തമാക്കി. എന്നാൽ ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിച്ചാൽ ഇത് പോലെ അനേകം കേസുകൾ വരും എന്ന് പ്രോസിക്യൂഷൻ എതിർവാദം ഉന്നയിച്ചു.
ഇത്തരം കേസിൽ സ്വകാര്യ ഹർജികൾ പാടില്ല എന്ന് സുപ്രിംകോടതി വിധി ഉണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ മജിസ്ട്രേറ്റ് കോടതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം ഹർജി തുടർന്ന് പരിഗണിക്കണമോയെന്ന് തീരുമാനിക്കുമെന്ന് കോടതി വ്യക്തമാക്കി. നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയോടാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത്.