കൊടുവള്ളിയിലെ വീട്ടിൽനിന്ന് അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോയ കേസ്: മുഖ്യപ്രതി പിടിയിൽ

കൊടുവള്ളി: കൊടുവള്ളിയിൽ വീട്ടിൽനിന്ന് അന്നൂസ് റോഷൻ(21) എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. മുഖ്യപ്രതി നിയാസാണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. അന്നൂസ് റോഷനെ തട്ടിക്കൊണ്ടു പോകാനായി ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാളാണ് നിയാസെന്നാണ് വിവരം. കർണാടകയിൽനിന്ന് കോഴിക്കോട്ടേക്ക് വരുംവഴി കൽപറ്റയിൽനിന്നാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം.

ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ മേയ് 22ന് മലപ്പുറം കൊണ്ടോട്ടിക്കടുത്ത് മോങ്ങത്തുവച്ചാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയി അഞ്ചു ദിവസത്തിനു ശേഷമാണ് ഇയാളെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടുള്ള 2 കേസുകളിലായി 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സഹോദരൻ അജ്മൽ റോഷനുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് ക്വട്ടേഷൻ സംഘം അന്നൂസിനെ തട്ടിക്കൊണ്ടുപോയത്. സഹോദരനെ കിട്ടാതെ വന്നതോടെയാണ് അനിയനെ തട്ടിയെടുത്തത്. മൈസൂരുവിലെ രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ചുവരികയായിരുന്ന അന്നൂസിനെ പിന്നീട് കേരളത്തിൽ എത്തിക്കുകയായിരുന്നു.

മൈസൂർ ടൗണിൽ നിന്നും കർണാടക റജിസ്ട്രേഷനുള്ള ടാക്സി വിളിച്ചാണ് ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ അന്നൂസ് റോഷനെയുമായി കേരളത്തിലേക്ക് വന്നത്. ടാക്സി ഡ്രൈവർക്ക് തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് വിവരം. യുവാവിനെ ആദ്യം പെരിന്തൽമണ്ണയിൽ ഇറക്കിവിടാൻ ഫോണിൽ ഡ്രൈവർക്ക് നിർദേശം നൽകിയ സംഘം, പിന്നീട് കൊണ്ടോട്ടി ഭാഗത്തേക്കു നീങ്ങാൻ നിർദേശിച്ചു. ഇതിനിടെ ഈ നീക്കം മനസ്സിലാക്കിയ താമരശ്ശേരി ഡിവൈഎസ്പി കെ.സുശീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മലപ്പുറത്തിനും കൊണ്ടോട്ടിയ്ക്കുമിടയിലെ മോങ്ങത്തുവെച്ച് ടാക്സി കാർ തടഞ്ഞു മോചിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!