കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ; സ്വത്ത് തട്ടി, പത്മകുമാർ ചവിട്ടി, മകൾ ആക്ഷേപിച്ചു; അച്ഛൻ മരിച്ചിട്ടു പോലും അനിത വന്നില്ല

കൊല്ലം∙ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ. അനിതകുമാരിക്ക് വീടുമായി യാതൊരു ബന്ധവുമില്ലെന്നും അച്ഛൻ മരിച്ചിട്ടു പോലും വീട്ടിലേക്ക് വന്നില്ലെന്നും അമ്മ പറഞ്ഞു. സ്വത്ത് തട്ടിയെടുക്കാൻ ശ്രമം നടന്നെന്നും ചാത്തന്നൂരിലെ വീട്ടിലെത്തിയപ്പോൾ തന്നെ മർദിച്ചെന്നും അമ്മ ആരോപിച്ചു. തന്നെ വാടകവീട്ടിലാക്കി കിടപ്പാടം കൈക്കലാക്കാൻ ശ്രമിച്ചെന്നും അമ്മ പറയുന്നു.

‘‘ലോണ്‍ വയ്ക്കാന്‍ വസ്തു എഴുതിക്കൊടുക്കാന്‍ അച്ഛനോട് ആവശ്യപ്പെട്ടു. ആറു മാസത്തിനകം തിരിച്ച് എഴുതിത്തരാമെന്നും പറഞ്ഞു. അങ്ങനെ ഏഴു സെന്റോളം കൊടുത്തു. പണവും കൊടുത്തു വസ്തുവും എഴുതിക്കൊടുത്തു. ആറു മാസത്തിനകം തരാമെന്ന് പറഞ്ഞവള് രണ്ടു വർഷമായും അനങ്ങുന്നില്ല.

അച്ഛന് സുഖമില്ലാതായി ആശുപത്രിയിൽ കിടന്നിട്ടു പോലും വന്നില്ല. മരിച്ചിട്ടും കാണാൻ വന്നില്ല. അതിൽകൂടുതൽ എന്താ ഞാൻ പറയേണ്ടത്. വീടിന്റെ ആധാരം തിരികെ കിട്ടാൻ വേണ്ടി പഞ്ചായത്ത് മെമ്പർക്കൊപ്പം ചാത്തന്നൂരിലെ വീട്ടിലെത്തിയ എന്നെ ചവിട്ടി വീഴ്ത്തി. അവൻ ഓടി വന്ന് എന്നെ ചവിട്ടി, പിടിച്ച് വെളിയിൽ കൊണ്ടാക്കി. എന്റെ ചേട്ടത്തിയുടെ മകളും ഒപ്പമുണ്ടായിരുന്നു. അങ്ങനെ ചെയ്യരുതെന്നു പറഞ്ഞ് തടഞ്ഞപ്പോൾ അവളെ പിടിച്ച് തള്ളി, അവൾ സ്റ്റെപ്പിൽ പോയി വീണു. മോളും കൊച്ചുമോളുമൊക്കെ ഭയങ്കരമായി ആക്ഷേപിച്ചു. പട്ടിയെ അഴിച്ചുവിടുമെന്നു വരെ പറഞ്ഞു. അങ്ങനെ ഞാൻ അവിടുന്ന് ഇറങ്ങി പോന്നതാ. അതിനു ശേഷം ഞാൻ കലക്ടർക്ക് പരാതി കൊടുത്തു. മൂന്നു വർഷമായി യാതൊരു ബന്ധവുമില്ല.

നല്ല സ്വഭാവമൊക്കെയുള്ള പെണ്ണായിരുന്നു. ഈ അടുത്ത സമയം കൊണ്ടാ ഇങ്ങനെയൊക്കെ ആയത്. ഇങ്ങനെ ചെയ്യുമെന്ന് അറിയില്ലായിരുന്നു. അവൾ ചെയ്ത ക്രൂരതയ്ക്ക് ഈശ്വരൻ പ്രതിഫലം നൽകട്ടേ’’– 65 വയസ്സുകാരിയായ അമ്മ പറഞ്ഞു. ടിപ്പർ ഡ്രൈവറായ മകന്റെ സഹായത്തോടെ പെരുമ്പുഴയ്ക്കടുത്ത് ഒരു വാടകവീട്ടിൽ ഒറ്റയ്ക്ക് കഴിയുകയാണ് ഈ അമ്മ.
അനിതകുമാരി പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ആയിരുന്നു പത്മകുമാറുമായുള്ള വിവാഹം. 18 വയസ്സ് തികഞ്ഞയുടൻ പത്മകുമാറുമായുള്ള വിവാഹം നടന്നു. പത്മകുമാറിന്റെ മാതാവിന് ഈ വിവാഹത്തോട് എതിർപ്പുണ്ടായിരുന്നതായും പറയപ്പെടുന്നു. മനോവിഷമം മൂലം പത്മകുമാറിന്റെ മാതാവ് കുറെക്കാലം മുടി മുറിച്ചു നടന്നുവത്രെ. മരിക്കുന്നതിനു മുൻപ് കുറെക്കാലം ഇവർ മൗനത്തിലും കഴിഞ്ഞുവെന്നു പറയപ്പെടുന്നു.
പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവം, സഹപാഠികളുമായി പോലും അടുപ്പം ഇല്ല

പെട്ടെന്നു ദേഷ്യം വരുന്ന സ്വഭാവക്കാരനാണ് പത്മകുമാറെന്ന് പരിചയക്കാർ പറയുന്നു. ചെറിയ കാര്യങ്ങൾക്കു പോലും പ്രകോപിതനാകും. പ്രദേശത്തുള്ള സഹപാഠികളുമായി പോലും അടുപ്പം ഉണ്ടായിരുന്നില്ല. കൊല്ലത്ത് നിന്ന് 42 വർഷം മുൻപാണ് ഇവർ ചാത്തന്നൂരിൽ എത്തുന്നത്. മാമ്പള്ളിക്കുന്നത്ത് 10 സെന്റ് വസ്തു വാങ്ങി വീട് വയ്ക്കുകയായിരുന്നു. 10 വർഷം മുൻപ് വീടിനോടു ചേർന്നു കുറച്ചു വസ്തു കൂടി വാങ്ങി വലിയ വീട് നിർമിച്ചു.പഠിക്കാൻ മിടുക്കനായിരുന്നു. ചാത്തന്നൂർ ഗവ. ഹൈസ്കൂളിൽ ആയിരുന്നു 4 മുതൽ 10 വരെ പഠിച്ചത്. ക്ലാസിൽ ഒന്നാമൻ. പ്രവേശന പരീക്ഷയിലൂടെ കൊല്ലത്ത് പ്രമുഖ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസിനു ചേർന്നു. ഉയർന്ന റാങ്കിലായിരുന്നു വിജയം. ഒപ്പം പഠിച്ചവർ അമേരിക്ക ഉൾപ്പെടെ വിദേശത്താണ്. അവർ വിദേശത്തേക്കു വിളിച്ചെങ്കിലും പത്മകുമാർ നാട്ടിൽ നിൽക്കുകയായിരുന്നു.

പഠനം കഴിഞ്ഞപ്പോൾ ചാത്തന്നൂരിൽ കംപ്യൂട്ടർ സെന്റർ ആരംഭിച്ചു. ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് അതു പൂട്ടി.ഏക സഹോദരനാണ് കല്യാണി കേബിൾ എന്ന സ്ഥാപനം തുടങ്ങിയത്. ഈ സഹോദരൻ ജീവനൊടുക്കിയതോടെ പത്മകുമാർ സ്ഥാപനം ഏറ്റെടുത്തു. കോവിഡ് കാലത്ത് അതു വിറ്റു. പിന്നീട് മത്സ്യക്കടയും ബേക്കറിയും തുടങ്ങിയെങ്കിലും രണ്ടും പരാജയപ്പെട്ടു. വരുമാനം പൂർണമായി നിലച്ചു. ബന്ധുക്കൾ, സഹപാഠികൾ, അയൽക്കാർ എന്നിവരുമായി അടുപ്പമില്ല.
കേബിൾ ടിവി സർവീസ് നടത്തുമ്പോഴുള്ള ജോലിക്കാരിൽ ചിലർ ക്രിമിനൽ സ്വഭാവം ഉള്ളവർ ആയിരുന്നു. ഇവരുമായി മാത്രമായിരുന്നു അടുപ്പം. വീട്ടിൽ നിന്നു പുറത്തു പോകുന്നത് കാറിൽ മാത്രമാണ്. വീട്ടിലേക്കുള്ള വഴിയിലെ ട്യൂഷൻ സെന്ററിൽ വിദ്യാർഥികളെ വിളിക്കാൻ വരുന്ന രക്ഷാകർത്താക്കളുടെ വാഹനം മാർഗതടസ്സം ഉണ്ടാക്കുന്നു എന്നു പറഞ്ഞു വഴക്കിടുന്നത് പതിവായിരുന്നു.

error: Content is protected !!