
News Desk
ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നാലെ, ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ദ്വീപ് സ്വദേശിനിയല്ലെന്നും അവിടെ പ്രശ്നങ്ങളുണ്ടാക്കാനെത്തിയ ഭീകരവാദിയാണെന്നും വരുത്തിത്തീർക്കാനുള്ള ശ്രമം പൊളിച്ചടുക്കി ആയിഷ. തന്നെ ബംഗ്ലദേശുകാരിയാക്കാൻ ചിലർ കുറെ കഷ്ടപ്പെടുന്നുണ്ടെന്നും ചെത്ലാത്ത് ദ്വീപിൽ ജനിച്ചു വളർന്ന മാതാപിതാക്കളുടെ മകളാണ് താനെന്നും ആയിഷ സുൽത്താന പറഞ്ഞു. സഘപരിവാര്‍ സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളുടെയും എഡിറ്റ് ചെയ്ത ചില ബയോഡാറ്റകളുടെയും സ്ക്രീന്‍ഷോട്ട് പങ്കുവെച്ചായിരുന്നു ഐഷയുടെ വിമര്‍ശനം.
‘താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്, താന്‍ ആരാന്നു, അപ്പോ ഞാന്‍ പറഞ്ഞു തരാം, താന്‍ ആരാന്നും ഞാന്‍ ആരാന്നും.
ചിലര്‍ ഒരുപാട് കഷ്പെടുന്നുണ്ട്. എന്നെ ബംഗ്ലാദേശുകാരി ആക്കാന്‍. കഷ്ട്ടം,’ ഐഷ സംഘപരിവാറിനെ ട്രോളി പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
ഇന്റർനെറ്റിൽ ഒന്നിലേറെ വെബ്സൈറ്റുകളിൽ ആയിഷയുടെ വ്യാജ പ്രൊഫൈലുകൾ നിർമിച്ചാണ് പ്രചാരണം നടക്കുന്നത്. ബംഗ്ലദേശിൽ ജനിച്ച് ലഹോറിൽ പഠനം നടത്തി കേരളത്തിൽ താമസിച്ച് പ്രശ്നങ്ങളുണ്ടാക്കുകയാണ് ഇവർ എന്നാണു പ്രചരണം. നാലു ദിവസം മുമ്പു മാത്രം നിർമിച്ച ഈ പ്രൊഫൈലുകളുടെ സ്ക്രീൻ ഷോട്ടെടുത്ത് വാട്സാപ്പിലൂടെയും മറ്റും വ്യാപകമായി പ്രചരിപ്പിച്ചാണ് ആയിഷ വിരുദ്ധ വികാരം വളർത്താൻ ശ്രമിക്കുന്നത്.
1984ൽ ബംഗ്ലദേശിലെ ജെസ്സോറിൽ ജനിച്ച ആയിഷ 2008ൽ ലഹോറിലുള്ള ബീക്കൺഹൗസ് നാഷനൽ യൂണിവേഴ്സിറ്റിയിൽനിന്ന് കലാ പഠനത്തിൽ പിജി ഡിപ്ലോമ നേടിയെന്നാണ് ഒരു വെബ്സൈറ്റിലുള്ളത്. ബയോഗ്രഫി ഡേറ്റ ഡോട്ട് ഓർഗ് എന്ന വെബ്സൈറ്റിൽ വിശദമായ ബയോഡേറ്റ എന്ന നിലയിൽ ഇതേ കാര്യങ്ങൾതന്നെ ഉൾപ്പെടുത്തിയുള്ള വിവരങ്ങളാണ് നൽകിയിരിക്കുന്നത്. ജെസ്സോറിൽ ജനിച്ച ഇവരുടെ മാതൃഭാഷ തുളുവാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. അവിടെത്തന്നെ ഹൈസ്കൂൾ വരെയുള്ള പഠനം പൂർത്തിയാക്കിയെന്നും ഉന്നത പഠനം ബീക്കൺ യൂണിവേഴ്സിറ്റിയിലായിരുന്നെന്നും പറയുന്നു. ഇവരുടെ സമൂഹമാധ്യമ പേജുകളും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് വ്യാജ പ്രൊഫൈലുകളുടെ നിർമാണം.