നടിയെ ആക്രമിച്ച കേസ്: സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ ഹൈക്കോടതി അനുമതി

Web Desk

നടിയെ ആക്രമിച്ച കേസിൽ എട്ടു സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതിയുടെ അനുമതി. മൂന്നു സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിനും പുതിയതായി അഞ്ചു സാക്ഷികളെയും വിസ്തരിക്കുന്നതിനാണ് അനുമതി നൽകിയത്. പ്രോസിക്യൂഷൻ അപ്പീൽ അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ പത്തു ദിവസത്തിനകം സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
പുനർ വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂർണമായും അംഗീകരിക്കാത്തതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. ഇവരിൽ ഏഴുപേർ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരിൽ നിന്നു കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഇവരിൽ മൂന്നു പേരെ വിസ്തരിക്കുന്നതിനു മാത്രമാണ് കോടതി അനുമതി നൽകിയത്. ഒൻപത് പേരിൽനിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ കീഴ്ക്കോടതി മൂന്നുപേരുടെ പുനർവിസ്താരത്തിനു അനുമതി നൽകിയിരുന്നു. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താനും കോടതി അനുമതി നൽകിയെങ്കിലും ഇതു പോരെന്നു കാണിച്ചാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.

error: Content is protected !!