തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍; പകര്‍പ്പ് വേണമെന്ന് ദിലീപ്, എതിര്‍ത്ത് പ്രോസിക്യൂഷന്‍

Web Desk

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പൂര്‍ണമായ റിപ്പോര്‍ട്ട് കൈമാറാനുള്ള സാഹചര്യമായിട്ടില്ലെന്നും വ്യക്തമാക്കിയാണ് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കോടതിക്ക് കൈമാറണമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളെയും പ്രോസിക്യൂഷന്‍ എതിര്‍ത്തു.

കേസിലെ പ്രതിയായ ആള്‍ക്ക് റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും അത് നല്‍കാനാകില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. മാത്രമല്ല, കോടതിയില്‍ സമര്‍പ്പിച്ചത് അന്വേഷണപുരോഗതി റിപ്പോര്‍ട്ട് മാത്രമാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകളില്‍ കൃത്രിമം കാണിക്കാനിടയുണ്ടെന്ന പ്രതിഭാഗം വാദവും പ്രോസിക്യൂഷന്‍ തള്ളി. കൃത്രിമം കാണിക്കാനുള്ള സാഹചര്യമില്ലെന്നും ദൃശ്യങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളെല്ലാം സുരക്ഷിതമാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെ രണ്ട് ആവശ്യങ്ങളും ഉന്നയിച്ചുള്ള ഹര്‍ജികള്‍ ഇനി ജനുവരി 25-ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസില്‍ നാല് സാക്ഷികളെ ജനുവരി 22-ന് പുതുതായി വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു.

error: Content is protected !!