വധഗൂഢാലോചനക്കേസ്; ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

Web Desk

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍.
കേസില്‍ ദിലീപിന്റേയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷയിലെ അന്തിമവാദമാണ് ഹൈക്കോടതിയില്‍ ഇന്ന് നടക്കുക. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ തങ്ങളുടെ കൈവശമുള്ളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം വേണമെന്നും പ്രതിഭാഗം ആവശ്യപ്പെടും. കേസിനെ വഴിതിരിച്ചു വിടാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.

2021 ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഉപയോഗിച്ച മൊബൈല്‍ ദിലീപ് കോടതിക്ക് കൈമാറിയിട്ടില്ലെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. രണ്ടായിരത്തിലധികം കോളുകള്‍ ചെയ്ത ഈ മൊബൈല്‍ ഏതെന്ന് അറിയില്ലെന്ന ദിലീപിന്റെ വാദം അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കും. കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ജാമ്യാപേക്ഷയിന്‍മേല്‍ തിങ്കളാഴ്ച നടന്ന വാദത്തില്‍ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

error: Content is protected !!