ബലാത്സംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

Web Desk

മധ്യപ്രദേശില്‍ ബലാത്സംഗ ശ്രമം ചെറുത്ത പെണ്‍കുട്ടിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ച് യുവാക്കള്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാനായിരുന്നു പ്രതികളുടെ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ പന്ന ജില്ലയിലെ ബരാഹോ ഗ്രാമത്തില്‍ താമസിച്ചിരുന്ന ഇരുപതുകാരിയെയാണ് ബുധനാഴ്ച രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ സഹോദരനേയും ഇവര്‍ കൊണ്ടുപോയിരുന്നു.

പെണ്‍കുട്ടി ബലാത്സംഗ ശ്രമത്തെ എതിര്‍ത്തപ്പോള്‍, രണ്ട് പ്രതികളും ചേര്‍ന്ന് യുവതിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ചു. പെണ്‍കുട്ടിയുടെ സഹോദരനെയും പ്രതികള്‍ മര്‍ദ്ദിച്ചതായി പൊലീസ് പറഞ്ഞു. തങ്ങളുടെ ബന്ധുക്കളില്‍ ഒരാളെ ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി സഹായിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ‘രണ്ട് പ്രതികളും ചേര്‍ന്ന് പെണ്‍കുട്ടിയേയും സഹോദരനേയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. നാട്ടില്‍ നിന്നും ഒളിച്ചോടിപ്പോയ തങ്ങളുടെ ബന്ധുവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെയാണ് അവരെ രക്ഷപ്പെടാന്‍ സഹായിച്ച പെണ്‍കുട്ടിയെ തേടി ഇവരെത്തിയത്,’ പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി തന്നെ രണ്ട് പ്രതികളെയും തിരിച്ചറിഞ്ഞതായും ഇവരെ അറസ്റ്റ് ചെയ്തതായും ജില്ലാ പൊലീസ് സൂപ്രണ്ട് ധരംരാജ് മീന പറഞ്ഞു. ഇവരെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.അതേസമയം, പന്ന ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

error: Content is protected !!