
newsdesk
കോഴിക്കോട്: രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു ആകെ 18274 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതില്‍ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 166 പ്രശ്നബാധിത ബൂത്തുകള്‍ ആണ് ഉള്ളത്.
പ്രശ്നബാധിത ബൂത്തുകളില്‍ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ അധിക പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നടക്കുന്നത്.
അതത് ജില്ലാ കളക്ടറേറ്റുകളില്‍ സജ്ജീകരിച്ചിട്ടുള്ള കണ്ട്രോള് റൂമുകളിലും പ്രശ്നബാധിത ബൂത്തുകളില്‍ ഏർപ്പെടുത്തിയ ലൈവ് വെബ്കാസ്റ്റിങിലൂടെ നിരീക്ഷിക്കും. സിറ്റി പോലീസ് കമ്മീഷനർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലാണ് ജില്ലകളില്‍ നിരീക്ഷണം നടത്തുന്നത്.
ബൂത്തിനുളളില്‍ അതിക്രമിച്ചു കയറുകയോ, കൂട്ടംകൂടി നിന്ന് തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് രണ്ട് കണ്ട്രോള് റൂമുകളാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് പുറമെ പോലീസ്, എക്സൈസ്, ബിഎസ്എൻഎല്‍, ഐ കെ എം, മോട്ടോർവാഹനവകുപ്പ്, കെല്‍ട്രോണ്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമാണ് നിരീക്ഷണം നടത്തുന്നത്.