
NEWSDESK
തിരുവമ്പാടി∙ പഞ്ചായത്തിലെ നാല് സെന്റ് കോളനികളിൽ 50 കുടുംബങ്ങൾ ഭൂരേഖ ഇല്ലാത്തതിനാൽ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ് . മിൽമുക്ക് കോളനി, തമ്പലമണ്ണ കോളനി, പുല്ലൂരാംപാറ ലക്ഷംവീട് കോളനി, ചേപ്പിലങ്ങോട് നാല് സെന്റ് കോളനി എന്നിവിടങ്ങളിലാണ് പട്ടയം ഇല്ലാത്ത കുടുംബങ്ങൾ കഴിയുന്നത്. ആവശ്യമായ ഭൂരേഖ ഇല്ലാത്തതിനാൽ സർക്കാരിന്റെ ഒരു ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല. പലരും ഇടിഞ്ഞു വീഴാറായ വീടുകളിലാണ് താമസം . സർക്കാർ പദ്ധതിയിൽ 1972ലും 1995ലും ആണ് നാല് സെന്റ് ഭൂമി ഇവർക്ക് പതിച്ച് നൽകിയത്. ലക്ഷംവീട് അനുവദിച്ചപ്പോൾ പഞ്ചായത്ത് അധികൃതർ നൽകിയ അനുവാദപത്രം ആണ് കൈവശമുള്ള ഏക രേഖ.
ബാങ്ക് വായ്പ ഉൾപ്പെടെയുള്ളവ പട്ടയം ഇല്ലാത്തതിനാൽ ലഭിക്കുന്നില്ല. 2000ൽ റവന്യു വകുപ്പിന്റെ പ്രത്യേക നിർദേശത്തിൽ പട്ടയ വിതരണം നടന്നപ്പോൾ കോളനിയിലെ ചില കുടുംബങ്ങൾക്ക് ലഭിച്ചു. എന്നാൽ സാങ്കേതിക പ്രശ്നം പറഞ്ഞ് ഭൂരിപക്ഷം കുടുംബങ്ങൾക്കും അന്ന് ലഭിച്ചില്ല. പഞ്ചായത്ത് അംഗങ്ങൾ ഇടപെട്ട് പട്ടയം ലഭിക്കാനുള്ള നീക്കം നടത്തിയിരുന്നു. എന്നാൽ എല്ലാം ചുവപ്പുനാടയിൽ കുടുങ്ങി.പട്ടയത്തിനായി വർഷങ്ങളായി പഞ്ചായത്തിലും വില്ലേജിലും കയറിയിറങ്ങിയിട്ടും പ്രയോജനം ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ ഈ വിഷയം ഉന്നയിച്ച് പരാതി സമർപ്പിച്ചു. പരാതികൾ തഹസിൽദാർക്കും പഞ്ചായത്ത് അധികൃതർക്കും കൈമാറിയിട്ടുണ്ട് എന്ന മറുപടിയാണ് കോളനിക്കാർക്ക് ലഭിച്ചത്.