
വരി നില്‍ക്കാതെ ഉപഭോക്താക്കളെ സഹായിക്കുന്ന തരത്തിൽ സൗകര്യമൊരുക്കുകയാണ് ആമസോണ്‍. പുതിയ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് ആമസോണിന്റെ പരീക്ഷണം നടക്കുന്നത്. പ്രത്യേകതരം ഡാഷ് കാര്‍ട്ടുകളും ക്യാമറളും സെന്‍സറുകളും ചേര്‍ന്നാണ് ഉപഭോക്താക്കളെ സാധനങ്ങളെടുത്ത് നേരെ പുറത്തേക്ക് പോകാന്‍ അവസരമൊരുക്കുന്നത്.പ്രത്യേകം തയാര്‍ ചെയ്ത ഷോപ്പിങ് കാര്‍ട്ടുകളാണ് ഉപഭോക്താക്കളെടുക്കുന്ന സാധനങ്ങളുടെ എണ്ണവും വിലയും കണക്കുകൂട്ടുന്നത്. പിന്നീട് ഓണ്‍ലൈനായി പണം ഈടാക്കുകയും ചെയ്യും. ഈ സൗകര്യം ഉപയോഗിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ അക്കൗണ്ടും സ്മാര്‍ട് ഫോണും ആവശ്യമാണ്. ഓരോ ഷോപ്പിങ് കാര്‍ട്ടുകളിലും ഒരു ക്യുആര്‍ കോഡുണ്ടാകും. ഇത് ആമസോണ്‍ ആപ്ലിക്കേഷന്‍ വഴി സ്‌കാന്‍ ചെയ്യുകയാണ് ചെയ്യുക. ഷോപ്പിങ് പൂര്‍ത്തിയായാല്‍ സാധനങ്ങളുമായി പുറത്തേക്ക് പോവുകയും ചെയ്യാം. ഇതിനകം തന്നെ ആമസോണ്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ടാകും.