
ഡൽഹി : ഇന്നലെ അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിൽ. സംസ്കാര ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും. പ്രണബ് മുഖർജിയുടെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ഇന്നലെ വൈകീട്ടായിരുന്നു മരണം. ആർമി റിസർച് ആന്റ് റെഫറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അദ്ദേഹത്തിന് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഗുരുതരാവസ്ഥയിൽ തുടരവേ ഇന്നലെയാണ് മരണം സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെ മകൻ അഭിജിത് മുഖർജിയാണ് അദ്ദേഹത്തിന്‍റെ മരണവിവരം പുറത്ത് വിട്ടത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്രപ്രതിരോധമന്ത്രി രാജ് നാഥ് സിംഗും അടക്കമുള്ളവർ പ്രണബ് മുഖർജിക്ക് ആദരമർപ്പിച്ചു.
പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് കേന്ദ്രസർക്കാർ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചതിന്‍റെ ഭാഗമായി കേരളത്തിലും സെപ്റ്റംബർ ആറുവരെ ദു:ഖം ആചരിക്കും. സെപ്റ്റംബർ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. സ്ഥിരമായി ദേശീയപതാക ഉയർത്തിയിരിക്കുന്ന സ്ഥാപനങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടാൻ നടപടി സ്വീകരിക്കാൻ സർക്കാർ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഔദ്യോഗികമായ ആഘോഷ പരിപാടികളും സെപ്റ്റംബർ ആറുവരെ ഉണ്ടായിരിക്കില്ല.