
Report: Rafeeq Thottumukkam
തിരുവമ്പാടി: ദിവസേന പെട്രോളിനും, ഡീസലിനും വില വർദ്ധിപ്പിക്കുന്നതിന് സ്വകാര്യ എണ്ണ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നൽകിയ അധികാരത്തിൻ്റെ മറവിൽ കേരളത്തിൽ ദിവസംതോറും എന്ന പോലെ പെട്രോളിൻ്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു.ഇതിനിടയിൽ പാചകവാതകത്തിൻ്റെയും വില ക്രമാധീതമായി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് പാചകവാതകത്തിൻ്റെ വില സിലിണ്ടറിന് 225 രൂപയാണ് വർദ്ധിപ്പിച്ചത്. ഒരു ലിറ്റർ പെട്രാളിൻ്റെ വില നൂറു രൂപയോട് അടുക്കുന്ന കേരളത്തിൽ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വെച്ചു കൊണ്ട് വിലവർദ്ധനവ് പിടിച്ചു നിർത്താൻ കേരള സർക്കാർ തയാറാവുന്നതുമില്ല.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇത്തരത്തിലുള്ള ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ട് ഓട്ടോറിക്ഷ കെട്ടിവലിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, സമ്മേളനവും നടത്തി.
തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ബോസ് ജേക്കബിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി ഡി.സി.സി സെക്രട്ടറി ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മില്ലി മോഹൻ, മുഹമ്മദ് വട്ടപ്പറമ്പിൽ, ടോമി കൊന്നക്കൽ, ടി.ജെ കുര്യാച്ചൻ, മനോജ് വാഴെപ്പറമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ, യൂ.സി അജ്മൽ,മറിയാമ്മ ബാബു, രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ലിസി സണ്ണി, അബ്രഹാം ജോസഫ് പ്രസംഗിച്ചു.