
Report: News Desk
മുക്കം: മൊബൈൽ ഫോൺ ഗെയിമുകളിൽ നിന്നും ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിൽ നിന്നും യുവ തലമുറയെ മൈതാനത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് കേന്ദ്രീകരിച്ച് കായിക കൂട്ടായ്മ ഐപിഎൽ മാതൃകയിൽ പന്നിക്കോട് പ്രീമിയർ ഫുട്ബോൾ ലീഗിന് തുടക്കം കുറിച്ചു.
അതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയും പ്രീമിയർ ഫുട്ബോൾ ലീഗ് നടത്തുന്നുണ്ട്. സക്കീർ താന്നിക്കതൊടി, സി.ഫസൽ ബാബു,ഉണ്ണികൊട്ടാരത്തിൽ,രമേശ് പണിക്കർ,അംജദ്ഖാൻ, സഫർ പൊലുകുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലയുടെ കിഴക്കൻ മലയോര പഞ്ചായത്തുകളിലും പ്രീമിയർ ഫുട്ബോൾ ലീഗ് നടക്കുന്നുണ്ട്.പന്നിക്കോട് പ്രദേശത്തെ 100 ഓളം യുവാക്കളുടെ കൂട്ടായ്മയിൽ 10 ടീമുകളിലായാണ് പ്രീമിയർ ഫുട്ബോൾ നടത്തുന്നത്.
ഐപിഎൽ മാതൃകയിൽ കളിക്കാരെ ‘ലേലം ’ചെയ്തായിരുന്നു തിരഞ്ഞെടുപ്പ്. ഇരുവൃക്കകളും തകരാറിലായ യുവതിയുടെ ചികിത്സയ്ക്കു വേണ്ടിയാണ് കാരമൂല കൽപൂര് പ്രീമിയർ ഫുട്ബോൾ ലീഗ് സംഘടിപ്പിക്കുന്നത്.
കൽപൂര് വെൽഫയർ സൊസൈറ്റിയുടെയും ജനകീയ കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് പരിപാടി നടത്തുന്നതെന്ന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ നജീബ് പറഞ്ഞു. കാൽപന്തു പ്രേമികളുടെയും ഒരു കൂട്ടം ചെറുപ്പക്കാരുടെയും കൂട്ടായ്മയിലാണ് തോട്ടത്തിൻകടവിൽ പച്ചക്കാട് പ്രീമിയർ ലീഗ് നടത്തുന്നത്.