വയോധികയെ ബലാത്സംഗം ചെയ്ത് കവർച്ച നടത്തിയ കേസിലെ മൂന്നാം പ്രതിയെ പോലീസ് പിടികൂടി

മുക്കം: മുത്തേരിയിൽ ഹോട്ടൽ ജോലിക്കാരിയായ വയോധികയെ ബലാത്സംഗം ചെയ്ത് കവർച്ച നടത്തിയ കേസിലെ മൂന്നാം പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ വേങ്ങര വാക്കാതൊടി ജമാലുദ്ദീനെ (26) യാണ് ബംഗളൂരു ജിഗ്നിയിൽ വെച്ച് താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ പുലർച്ചയോടെ പിടികൂടിയത്.

കേസിലെ ഒന്നാം പ്രതിയായ മുജീബ്റഹ്‌മാൻ വയോധികയിൽ നിന്ന് കവർന്ന മാല കൊടുവള്ളിയിലെ ജ്വല്ലറിയിൽ കൊണ്ടുപോയി വിറ്റത് ജമാലുദ്ദീനും കാമുകിയായ സൂര്യയും ചേർന്നായിരുന്നു. കേസിൽ സൂര്യ രണ്ടാം പ്രതിയും ജമാലുദ്ദീൻ മൂന്നാം പ്രതിയുമാണ്. മുജീബ് റഹ്മാനെയും സൂര്യയെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിനെ തുടർന്ന് ജമാലുദ്ദീൻ ഒളിവിൽ പോകുകയായിരുന്നു.

നേരത്തെ കഞ്ചാവ് കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജമാലുദ്ദീനെ മുക്കത്തെ സ്റ്റിക്കർ കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഒന്നാംപ്രതി സംഭവം നടത്താൻ ഉപയോഗിച്ച മോഷ്ടിച്ച ഓട്ടോറിക്ഷയുടെ നമ്പർ പ്ലേറ്റ് മാറ്റിയത് ഇവിടെവച്ചാണ്. ഒരാഴ്ച മുൻപ് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് മുൻപാകെ അന്വേഷണസംഘം കേസിൻ്റെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അതേസമയം വെസ്റ്റ്ഹിൽ കോവിഡ് ഫസ്റ്റ് ട്രീറ്റ്മെൻറ് സെൻ്ററിൽ നിന്ന് കഴിഞ്ഞദിവസം രക്ഷപ്പെട്ട് കേസിലെ ഒന്നാം മുജീബ് റഹ്മാനെ ഇതുവരെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

error: Content is protected !!