
Report: News Desk
ബേപ്പൂർ: മത്സ്യബന്ധനത്തിനിടെ യന്ത്രവൽകൃതബോട്ടുകാരുടെ വലയിൽ കുരുങ്ങിയത് വിമാനത്തിന്റേതെന്നു സംശയിക്കുന്ന കൂറ്റൻ എൻജിൻ. ബേപ്പൂർ ചീരാച്ചന്റപുറത്ത് ജലീലിന്റെ ഉടമസ്ഥതയിലുള്ള അൽഫാസ് ബോട്ടുകാർക്കാണ് ആഴക്കടലിൽ നിന്ന് എൻജിൻ കിട്ടിയത്. വൈകിട്ടു ഹാർബറിൽ എത്തിച്ച എൻജിൻ ക്രെയിൻ ഉപയോഗിച്ച് വാർഫിൽ ഇറക്കി.
ഏറെക്കാലം വെള്ളത്തിൽ കിടന്ന യന്ത്രഭാഗത്തിൽ മത്സ്യബന്ധനവല കുരുങ്ങിയ നിലയിലാണ്. മത്സ്യത്തൊഴിലാളികൾ വല മുറിച്ചു നീക്കി യന്ത്രം പുറത്തെടുത്തു. 23നു രാത്രി കടലിൽ പോയ ബോട്ടുകാർ കഴിഞ്ഞ ദിവസം വൈകിട്ടു പുതിയാപ്പയ്ക്കു പടിഞ്ഞാറ് 19 നോട്ടിക്കൽ മൈൽ അകലെ മീൻ പിടിച്ചു കൊണ്ടിരിക്കുമ്പോഴാണു ഭാരമുള്ള വസ്തു വലയിൽ കുരുങ്ങിയത്.
വീഞ്ച് ഉപയോഗിച്ചു വലിച്ചു കയറ്റിയപ്പോഴാണ് എൻജിന്റെ ഭാഗമാണെന്നു കണ്ടത്. വല കീറിമുറിഞ്ഞതോടെ മത്സ്യബന്ധനം നിർത്തി എൻജിനുമായി കരയിലേക്കു മടങ്ങുകയായിരുന്നു. ബോട്ടുകാരുടെ വലയും ആങ്കർ റോപ്പും നാശമായിട്ടുണ്ട്. തീരസംരക്ഷണസേന ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിലാണു പണ്ടു കാലത്തെ വിമാനത്തിന്റെ എൻജിനായിരിക്കാമെന്ന സൂചന ലഭിച്ചത്. യന്ത്രഭാഗം ഹാർബർ വളപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.