വിവാഹദിവസവും രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിന്‍റെ വളയം പിടിച്ച് യുവാവ്

Report: Web Desk

കണ്ണൂർ : വിവാഹദിവസവും രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിന്‍റെ വളയം പിടിച്ച് മട്ടന്നൂർ സ്വദേശി മുസാഖ്.പുതുമണവാളന്‍ മണവാട്ടിയെ കണ്ടിറങ്ങും മുന്‍പാണ് ആംബുലന്‍സ് ഡ്രൈവറായി മുസദ്ദിഖിന്‍റെ ഫോണിലേക്ക് ഫോണ്‍ വിളിയെത്തുന്നത്. കൊതേരി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ആംബുലന്‍സിലെ സ്ഥിരം ആംബുലൻസ് ഡ്രൈവറാണ് മുസദ്ദിഖ്.

രോഗിയുടെ കാര്യം അറിഞ്ഞപ്പോള്‍ മറ്റൊന്നും അലോചിക്കാന്‍ നിക്കാതെ മുസദ്ദിഖ് ആംബുലന്‍സിന്‍റെ വളയം പിടിക്കുകയായിരുന്നു. വിവാഹവേഷത്തില്‍ ആംബുലന്‍സ് ഡ്രൈവറെത്തിയപ്പോള്‍ കണ്ട് നിന്നവര്‍ക്ക് അമ്പരപ്പായി. രോഗിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച ശേഷമാണ് മണവാളന്‍ കല്യാണ വീട്ടിലേക്ക് മടങ്ങിയത്. മറ്റൊരു ഡ്രൈവറെ കണ്ടെത്തി വാഹനം ഏല്‍പ്പിക്കാന്‍ നോക്കുന്ന കാലതാമസം രോഗിയ്ക്ക് വെല്ലുവിളിയാകുമെന്ന ഭീതിയാണ് വിവാഹ വേഷത്തില്‍ വളയം പിടിക്കാന്‍ പ്രേരണയായതെന്ന് മുസദ്ദിഖ് പറയുന്നു.

കൊവിഡ് കാലത്ത് പനി മൂര്‍ച്ഛിച്ച് അവശനിലയിലായ രോഗിയെയാണ് വാരത്തെ സ്വകാര്യ ആശുപത്രിയില്‍ മുസദ്ദിഖ് എത്തിച്ചത്. മട്ടന്നൂര്‍ സ്വദേശികളായി ഇബ്രാഹിമിന്‍റേയും മറിയത്തിന്‍റേയും മകനാണ് മുസദ്ദിഖ്. ആറളം സ്വദേശി സുഹാനയാണ് മുസദ്ദിഖിന്‍റെ വധു. സമൂഹ മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് നിരവധിപ്പേരാണ് മുസദ്ദിഖിന് അഭിനന്ദനവുമായി എത്തുന്നത്.

error: Content is protected !!