
Web Desk
വിഷു എത്തിയെങ്കിലും വിരുന്നുണ്ണാനുള്ള സർക്കാരിന്റെ സ്‌പെഷ്യൽ കിറ്റ് എത്തിയത് ആകെയുള്ള 90 ലക്ഷത്തിൽ പരം റേഷൻ കാർഡ് ഉടമകളിൽ 14.71 ലക്ഷം പേരുടെ വീട്ടിൽ മാത്രം. തിരഞ്ഞെടുപ്പിനു മുൻപ് ഈസ്റ്റർ– സ്‌പെഷ്യൽ കിറ്റിനെക്കുറിച്ച് കൊട്ടിഘോഷിച്ചു പ്രചാരണം നടത്തിയെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞതോടെ കിറ്റ് വിതരണത്തിന്റെ താളം തെറ്റി. ആവശ്യത്തിനു കിറ്റ് കടകളിൽ എത്താത്തതിനാൽ പല കാർഡ് ഉടമകളും നിരാശരായി മടങ്ങുകയാണ്. മാർച്ച് മാസത്തെ കിറ്റ് വിതരണം പൂർത്തിയാകാതെയാണ് ഏപ്രിൽ മാസത്തെ സ്‌പെഷ്യൽ കിറ്റ് വിതരണം ആരംഭിച്ചത്.
നിലവിൽ രണ്ടു കിറ്റുകളും ആവശ്യത്തിനു റേഷൻ കടകളിൽ എത്തുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് റേഷൻ കാർഡ് ഉടമകൾക്കു കിറ്റ് നൽകിയതിനെക്കുറിച്ച് എൽഡിഎഫ് വ്യാപക പ്രചാരണം നടത്തിയിരുന്നു. ഏപ്രിലിലെ സ്പെഷൽ കിറ്റ് വാങ്ങണമെന്നു ജനങ്ങളെ ഓർമിപ്പിക്കാൻ പ്രവർത്തകർക്കു നിർദേശവും നൽകി. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ കടകളിൽ വൻ തിരക്കും അനുഭവപ്പെട്ടു. വോട്ടെടുപ്പ് കഴിഞ്ഞതോടെ കിറ്റുമില്ല, തിരക്കുമില്ല എന്ന സ്ഥിതിയാണ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതിന് എതിരെ നിയമയുദ്ധം നടത്തി വിതരണത്തിന് അനുമതി നേടിയെടുത്ത സ്‌പെഷ്യൽ അരിയുടെ വിതരണവും സ്തംഭിച്ച മട്ടാണ് മുൻഗണന ഇതര വിഭാഗങ്ങളിൽ വരുന്ന നീല, വെള്ള കാർഡ് ഉടമകൾക്ക് കിലോയ്ക്ക് 15 രൂപയ്ക്ക് 10 കിലോ അരി നൽകുമെന്നാണു പ്രഖ്യാപനം. രണ്ടു വിഭാഗങ്ങളിലും കൂടി 50 ലക്ഷത്തിൽ പരം കാർഡ് ഉടമകൾ ഉണ്ടെങ്കിലും ഇതു വരെ അരി കിട്ടിയത് 1.94 ലക്ഷം കാർഡ് ഉടമകൾക്കു മാത്രം.