
Report: Web Desk
സോളാര്‍ തട്ടിപ്പു കേസില്‍ താന്‍ ബലിയാടാക്കപ്പെടുകയായിരുന്നു ഉമ്മൻചാണ്ടിയുടെ മുൻ പിഎ ടെനി ജോപ്പന്‍.കേസുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും ഒരിക്കല്‍ പുറത്തു വരുമെന്ന് ജോപ്പന്‍ പറഞ്ഞു. സോളാര്‍ കേസില്‍ അറസ്റ്റിലായി ഏഴു വര്‍ഷത്തിനു ശേഷമാണ് കേസിനെ പറ്റി ജോപ്പന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത്.
കാലങ്ങളോളമായി ഉമ്മൻചാണ്ടിയുടെ വിശ്വസ്ത സേവകനായിരുന്നു ജോപ്പൻ. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ കെഎസ്യു പ്രവര്‍ത്തകനായിരുന്ന ജോപ്പൻ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായത് വളരെപ്പെട്ടെന്നായിരുന്നു.2013 ജൂണിൽ സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരുടെ ഫോണ്‍കോള്‍ ലിസ്റ്റില്‍ ജോപ്പന്‍റെ നമ്പർ വന്നതോടെ വിവാദം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തി. ജൂൺ 14ന് ജോപ്പനെ പേഴ്സനൽ സ്റ്റാഫിൽ നിന്നും മാറ്റി. ജനസമ്പര്‍ക്ക പരിപാടിക്ക് യുഎന്‍ പുരസ്കാരം വാങ്ങി അമേരിക്കയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ഉമ്മന്‍ചാണ്ടി നേരിട്ടത് ജോപ്പന്‍റെ അറസ്റ്റായിരുന്നു.
സരിതയ്ക്ക് 40 ലക്ഷം രൂപ നല്‍കാന്‍ ജോപ്പന്‍ പ്രേരിപ്പിച്ചെന്ന കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരന്‍ നായരുടെ പരാതിയിലായിരുന്നു അറസ്റ്റ്. 65 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജോപ്പന് എന്തു സംഭവിച്ചുവെന്ന് പിന്നെയാരും അറിഞ്ഞില്ല. ഒരു കാലത്ത് അധികാരത്തിന്‍റെ ഇടനാഴിയിലെ ശക്തികേന്ദ്രമായ ജോപ്പനിന്ന് ഒരു കൊച്ചുകടമുറിയില്‍ ഉപജീവനത്തിനുളള വഴി തേടുകയാണ്.
“ഇതൊക്കെ രാഷ്ട്രീയമാണ്. അതെനിക്ക് മനസിലായി. ആരെയെങ്കിലും ബലിയാടാക്കണമായിരുന്നു. അതെന്നെയാക്കി. സത്യമൊക്കെ എന്നെങ്കിലും പുറത്തുവരും,” ജോപ്പൻ പറഞ്ഞു. ബലിയാടായെന്ന് പറയുമ്പോഴും ആർക്ക് വേണ്ടി ബലിയാടായെന്നോ ആരാണ് ബലിയാടാക്കിയതെന്നോ ജോപ്പൻ പറയുന്നില്ല. പിന്നീടൊരിക്കലും ഉമ്മൻചാണ്ടിയുമായി സംസാരിച്ചിട്ടില്ലെന്നും ഇനിയും വിവാദങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും ജോപ്പൻ പറയുന്നു. സോളാർ സമരം നയിച്ച് അധികാരത്തിലെത്തിയ ഇടത് സർക്കാർ, കേസിൽ ഇതുവരെ ഒന്നും ചെയ്തില്ല. സോളാർ ആറിത്തണുത്തിരിക്കെയാണ്ന്നാണ് ജോപ്പൻറെ പറയുന്നത്.